ഓന്ത് ക്ലിക്കുമായി വിഷ്ണു വീണ്ടുമെത്തി
വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്ത വിഷണവിനെ ഓര്‍മ്മയില്ലേ? വവ്വാല്‍ ക്ലിക്കിങ്ങിന് ശേഷം വീണ്ടും സാഹസികമായ ക്ലിക്കിലുടെ വൈറലായിരിക്കുകയാണ് വിഷ്ണു. കടല്‍ത്തീരത്തെ അറ്റം ഒടിഞ്ഞ തെങ്ങിന്റെ മുകളില്‍ കയറി ചിത്രമെടുത്തിരിക്കുകയാണ് ഈ യുവ ഫോട്ടോഗ്രാഫര്‍.
ഓന്തിനെപ്പോലെ കയറി ചിത്രമെടുത്തതിനാല്‍ ഉടന്‍ പേരും വീണു. ‘ഓന്ത് ക്ലിക്ക്’. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ വിഷ്ണു ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറാണ്. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് ഇപ്പോഴും. ഏങ്ങണ്ടിയൂര്‍ ബീച്ചിലായിരുന്നു ചിത്രീകരണം. അറ്റമില്ലാത്ത തെങ്ങ് കടല്‍ത്തീരത്തേയ്ക്കു ചാഞ്ഞുനില്‍ക്കുകയാണ്.
ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന തെങ്ങില്‍ മടികൂടാതെ കയറി. നല്ല ഫ്രെയിം മാത്രമായിരുന്നു മനസില്‍. പ്രണവ്, സരിഗ ദമ്പതികളുടെ ചിത്രമാണ് ഓന്ത് ക്ലിക്കിലൂടെ പകര്‍ത്തിയത്. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫൊട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്.
ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഫൊട്ടോ എടുക്കുന്നതെന്ന വിമര്‍ശനത്തിനും വിഷ്ണുവിന് മറുപടിയുണ്ട്. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫൊട്ടോ എടുക്കുമ്പോള്‍ വേണ്ടത്ര ക്വാളിറ്റി കിട്ടില്ല.
വവ്വാല്‍ ക്ലിക്ക് വീഡിയോ വൈറലായ ശേഷം മരത്തില്‍ കയറുന്നത് വീട്ടുകാര്‍ വിലക്കിയിരുന്നു. പക്ഷേ, നല്ല ഫ്രെയിമിനു വേണ്ടി വിഷ്ണുവിന്റെ സാഹസം തുടരുകയാണ്.