ഏഷ്യയിൽ കണ്ടിരിക്കേണ്ട പത്തിടങ്ങളിൽ പശ്ചിമഘട്ടവും; ലോൺലി പ്ലാനറ്റ് പട്ടികയിൽ ഇന്ത്യയിലെ മറ്റിടങ്ങളില്ല; നീലക്കുറിഞ്ഞികാലവും വിവരണത്തിനൊപ്പം

ലോൺലി പ്ലാനറ്റ് പ്രഖ്യാപിച്ച ഏഷ്യയിലെ പത്തു മികച്ച സഞ്ചാരസ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടവും. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് പശ്ചിമഘട്ടം മാത്രമാണ്.വന്യ സൗന്ദര്യത്തിന്റെ മോഹിപ്പിക്കുന്ന ഇടമാണ് പശ്ചിമഘട്ടമെന്ന് ലോൺലി പ്ലാനറ്റ് പറയുന്നു.

ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ യുനെസ്‌കോ പശ്ചിമഘട്ടത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആനകൾ,കടുവകൾ തുടങ്ങി പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകൾ. കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തെ ഏഷ്യൻ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ചേർത്തിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ കടലും കുന്നുകളും അതിരിടുന്ന ബുസാനാണ് പട്ടികയിൽ ഒന്നാമത്. ഉസ്‌ബെകിസ്ഥാനാണ് രണ്ടാമത്. സഞ്ചാരികളെ ആകർഷിക്കാൻ വിസരഹിതമാക്കിയതും ഇ-വിസ നടപ്പാക്കിയതും ലോൺലി പ്ലാനറ്റ് എടുത്തു പറയുന്നുണ്ട്.

വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി മൂന്നാമതും ജപ്പാനിലെ നാഗസാക്കി അഞ്ചാമതുമുണ്ട്. പത്തു സഞ്ചാരകേന്ദ്രങ്ങളിൽ ഇടം പിടിച്ച മറ്റു സ്ഥലങ്ങൾ ഇവയാണ് :തായ്‌ലൻഡിലെ ചിയാംഗ് മയ്, നേപ്പാളിലെ ലുംബിനി,ശ്രീലങ്കയിലെ അരുഗം ബേയ്, ചൈനയിലെ സിചുവാൻ പ്രവിശ്യ, ഇൻഡോനേഷ്യയിലെ  കൊമഡോ നാഷണൽ പാർക്ക്.