കൊല്‍ക്കത്തയിലെ തീരങ്ങള്‍

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സഞ്ചാരികളുടെ ഇഷ്ടനഗരമാണ്.
കടലിനോട് ചേര്‍ന്നും കടലിലേക്കിറങ്ങിയും കിടക്കുന്ന പശ്ചിമബംഗാളിന്റെ മുഖ്യ ആകര്‍ണം അതിമനോഹരമായ ബീച്ചുകള്‍ത്തന്നെ.

ബീച്ചുകളുടെ പട്ടണം

കൊല്‍ക്കത്തയില്‍ നിന്നും 176 കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ചാല്‍ ശങ്കര്‍പൂര്‍ എന്ന കടലോര ഗ്രാമത്തിലെത്താം. ബീച്ചുകളുടെ പട്ടണം എന്നാണ് ശങ്കര്‍പൂര്‍ അറിയപ്പെടുന്നതുതന്നെ. കൊല്‍ക്കത്ത നഗരത്തിന്റെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാത്ത ശാന്തമായ ബീച്ചുകളുടെ പട്ടണം. കാലഭേദമില്ലാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന നഗരമാണ് ശങ്കര്‍പൂര്‍. തീരപ്രദേശത്തെ യാത്ര കടലിനെ അനുഭവിച്ചറിയാനുള്ള നല്ല അവസരമായാണ് യാത്രികര്‍ കാണുന്നത്.

മെഡ്നിപൂര്‍ ജില്ലയിലെ തീരപ്രദേശത്തുനിന്നും 14 കിലോമീറ്റര്‍ മാറിയാണ് ശങ്കര്‍പൂര്‍. വര്‍ഷംതോറും നിരവധി ആളുകള്‍ സന്ദര്‍ശിക്കുന്ന കടലോരങ്ങളില്‍ ഒന്നാണ് ഡിഘയിലെ ബീച്ചുകളും. ശാന്തമായ അന്തരീക്ഷവും തുറസ്സായ തീരവും വിശാലമായ ആകാശവും ഒന്നിക്കുന്ന സ്ഥലമാണിത്. കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ഡിഘ മുതല്‍ സഞ്ചാരികള്‍ക്കായി കാഴ്ചയുടെ അത്ഭുതങ്ങള്‍ കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കടല്‍ത്തീരങ്ങള്‍.

ഫുള്‍മൂണ്‍ ദിവസങ്ങളില്‍ ശങ്കര്‍പൂരിലെത്തുന്ന സഞ്ചാരികള്‍ മനസുനിറഞ്ഞാണ് മടങ്ങാറുള്ളത്. തീരത്തുകൂടി കൂട്ടമായി നീങ്ങുന്ന ചുവന്ന ഞണ്ടുകളും ശങ്കര്‍പൂറിന്റെ പ്രത്യേകതയാണ്. ചെറുവഞ്ചികളുമായി മത്സ്യബന്ധനത്തിന് കടലിലേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ കൂട്ടവും ഇവിടുത്തെ പതിവ് കാഴ്ചകളിലൊന്നാണ്.

ശങ്കര്‍പൂരില്‍നിന്നും അഞ്ച് കിലോമീറ്റര്‍ മാറി റാം നഗര്‍ റെയില്‍ വേ സ്റ്റേഷനും അവിടെ നിന്ന് തീരപ്രദേശങ്ങളിലേക്ക് സഞ്ചാരികള്‍ക്കായി ടാക്സി സര്‍വ്വീസും ലഭ്യമാണ്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നും മൂന്ന് മണിക്കൂറോളം യാത്ര ചെയ്താല്‍ കടലും തീരവും വിസ്മയിപ്പിക്കുന്ന ശങ്കര്‍പൂരിലെത്താം