News

വെബ്ടാക്‌സിയുമായി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടക സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ ആപ് അധിഷ്ഠിത വെബ്ടാക്‌സി സര്‍വീസ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ഗതാഗത മന്ത്രി ഡി സി തമ്മണ്ണ. സ്വകാര്യ വെബ് ടാക്‌സികളില്‍ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെയും മറ്റും സുരക്ഷ ചര്‍ച്ചയായതിനെ തുടര്‍ന്നാണു മന്ത്രിയുടെ ഉറപ്പ്.സ്വകാര്യ കമ്പനികളുടെ ചൂഷണം ഒരുപരിധിവരെ തടയാന്‍ സാധിക്കുമെന്ന പ്രതീക്ഷയും നീക്കത്തിനു പിന്നിലുണ്ട്.

വെബ് ടാക്‌സികളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരികയാണെന്നും ഈ രംഗത്ത് പ്രമുഖരായ ഓലയോടും ഊബറിനോടും ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും, ഇതു കാര്യക്ഷമമായി നടക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.ഇതേത്തുടര്‍ന്നാണ് ക്രമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഉറപ്പു വരുത്തിയുള്ള ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വെബ് ടാക്‌സി സര്‍വീസ് ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്.

പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്ന്, ഡ്രൈവര്‍മാരുടെ പശ്ചാത്തലം പരിശോധിക്കാനും ബോധവല്‍ക്കരണം നടത്താനും ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ജി.പരമേശ്വര ഓല, ഊബര്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല എന്നതിനു പുറമെ, ഗതാഗത വകുപ്പ് മുന്നോട്ടു വയ്ക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വെബ്ടാക്‌സി കമ്പനികള്‍ പാലിക്കുന്നില്ലെന്നും മന്ത്രി തമ്മണ്ണ ആരോപിച്ചു.