സഞ്ചാരികളെ മയക്കാന്‍ ഇതാ പുഞ്ചിരിക്കും തിമിംഗലം
ഫ്രാന്‍സില്‍ എത്തുന്ന സഞ്ചാരികള്‍ ഇപ്പോള്‍ ആകാശ തിമിംഗലത്തിന്റെ പുഞ്ചിരിയില്‍ മയങ്ങിയിരിക്കുകയാണ്. വ്യത്യസ്തമായ രൂപത്തിലും ശൈലിയിലുമാണ് ഇന്ന് ഓരോ വിമാനങ്ങളും ഇറങ്ങുന്നത്. തിമിംഗലത്തിന്റെ ആകൃതിയില്‍ ഒരു വിമാനം ഇറങ്ങിയാല്‍ എങ്ങനെയിരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ടൗലൗസിലാണ് തിമിംഗലത്തിന്റെ ആകൃതിയിലുള്ള ബെലൂഗXL അവതരിപ്പിച്ചത്.
വിമാനത്തിന്റെ മുന്‍വശത്തുള്ള തിമിംഗലത്തിന്റെ മൂക്ക്, തിളങ്ങുന്ന നീല കണ്ണുകള്‍, ചിരിച്ചുകൊണ്ടുള്ള മുഖം എന്നിവ ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. എയര്‍ബസ്സിന്റെ 20000 ജീവനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ചിരിക്കുന്ന തിമിംഗലത്തിന്റെ ഡിസൈന്‍ തിരഞ്ഞെടുത്തത്. 40% പേരാണ് ഈ ഡിസൈന്‍ തിരഞ്ഞെടുത്തത്.
A330-200 എയര്‍ലൈനരിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം. വെള്ള അര്‍ക്കറ്റിക് തിമിംഗലത്തിന്റെ രൂപം ആയതിനാല്‍ ഇതിനെ ‘ബെലൂഗ’ എന്ന പേര് ലഭിച്ചു. നിലവില്‍ ഈ എയര്‍പ്ലെയ്‌നുകള്‍ യൂറോപ്പിലെ നിര്‍മ്മാണ ശാലയില്‍ നിന്നും എയര്‍ബസ്സിന്റെ ഭാഗങ്ങള്‍ ടൗലൗസ്, ഹാംബര്‍ഗ്, ടിയാന്‍ജിന്‍ എന്നീ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. 1994-ലാണ് വിമാനങ്ങള്‍ സേവനം ആരംഭിച്ചത്.
2014-ലാണ് പുതിയ രൂപത്തിലും ശൈലിയിലും പുതിയ വിമാനം നിര്‍മ്മിക്കാനുള്ള പദ്ധതി എയര്‍ബസ് ആരംഭിച്ചത്. ‘ഉല്‍പാദനം കൂടുന്നതും വിസ്തൃതി വര്‍ധിപ്പിക്കാനുമാണ് പുതിയ ബെലൂഗ പുറത്തിറക്കാന്‍ തീരുമാനിച്ചത്.’ എയര്‍ബസ് ട്രാന്‍സ്പോര്‍ട് ഇന്റര്‍നാഷണല്‍ മേധാവി സ്റ്റീഫെന്‍ ഗോസ്സലിന് പറഞ്ഞു.
‘ആദ്യഘട്ടത്തില്‍ പഴയ ബെലൂഗയും പുതിയ ബെലൂഗയും ഉപയോഗിക്കും.’ A340 എയര്‍ലൈനറിന്റെ ചിറക് അല്ലെങ്കില്‍ A350 യുടെ മധ്യഭാഗം എന്നിവ നിലവിലുള്ള ബെലൂഗയില്‍ ഉള്‍ക്കൊള്ളും. എന്നാല്‍ A380യുടെ പ്രധാന ഭാഗങ്ങള്‍ ഇതില്‍ കേറ്റാന്‍ പറ്റില്ല.
ആറ് മീറ്റര്‍ ഉയരവും ഒരു മീറ്റര്‍ വീതിയും 30 ശതമാനം കൂടുതല്‍ കപ്പാസിറ്റിയുമാണ് ബെലൂഗXLന് ലഭിക്കുന്നത്. നിലവിലുള്ള മോഡലിനേക്കാള്‍ ആറ് ടണ്‍ കൂടുതല്‍ ഭാരം എടുക്കാനുള്ള ശേഷി പുതിയ മോഡലിനുണ്ട്. A350യുടെ രണ്ടു ചിറകും ബെലൂഗXLല്‍ ഉള്‍ക്കൊള്ളും, എന്നാല്‍ ബെലൂഗയില്‍ ഒന്ന് മാത്രമേ പറ്റു. 2019-ല്‍ ബെലൂഗXL സേവനം ആരംഭിക്കും.