News

പുതിയ സംവിധാനവുമായി റെയില്‍വേ: പാന്‍ട്രി ഭക്ഷണം പാകം ചെയ്യുന്നത് ലൈവായി കാണാം

ട്രെയിനില്‍ ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാര്‍ക്കും ലൈവ് സ്ട്രീമിങിലൂടെ കാണാന്‍ സാധിക്കും. ഐ.ആര്‍.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം കാണാനുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ സംവിധനവുമായി ഐ.ആര്‍.ടി.സി രംഗത്തെത്തിയിരിക്കുന്നത്.

ഐ.ആര്‍.ടി.സിയുടെ മേല്‍നേട്ടത്തിലുള്ള വിവിധ പാചകപ്പുരയില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.ടി.സിയുടെ വെബ് സൈറ്റിലെ പ്രത്യേക ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ എല്ലാര്‍ക്കും തത്സമയം കാണാന്‍ സാധിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ.ആര്‍.ടി.സിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പാചകപ്പുരകയില്‍ നിന്നുള്ള ദൃശ്യങ്ങളും തത്സമയം കാണാന്‍ സാധിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്.

ഈ സംവിധാനം എല്ലാര്‍ക്കും ലഭ്യമാകുന്നതോടെ ട്രെയിനില്‍ നിന്ന് ലഭിക്കുന്ന ഭക്ഷത്തെക്കുറിച്ച് ഉയരുന്ന പരാതികള്‍ക്ക് ഒരു പരിധി വരെ ശമനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ. പുതിയ സംവിധാനത്തിലൂടെ റെയില്‍വേ ഭക്ഷണത്തിന്റെ ഗുണമേന്മയെ സംവന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും സുതാര്യതയും വര്‍ധിക്കുമെന്ന് അശ്വാനി ലോഹാനി വ്യക്തമാക്കി.

നോയിഡയിലെ ഐ.ആര്‍.സി.ടി.സി സെന്‍ട്രല്‍ പാചകപ്പുരയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ വെബ്സൈറ്റില്‍ തുറന്നുകൊണ്ടായിരുന്നു അശ്വാനി ലോഹാനി ലൈവ് സ്ട്രീമിങ് സംവിധാനം ഉദ്ഘാടനം ചെയ്തത്. ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന ശതാബ്ദി, തുരന്തോ, രാജധാനി ട്രെയിനുകളിലേക്ക് നോയിഡയിലെ പാചകപ്പുരയില്‍ നിന്നാണ് ഭക്ഷണം പാകം ചെയ്യുന്നത്.