ടൂറിസം റഗുലേറ്ററി സ്വാഗതാർഹം; കരടു നിയമം പൊളിച്ചെഴുതണമെന്ന് ടൂറിസം മേഖല
സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി (ട്രാക്ക് ) നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് ടൂറിസം മേഖല.
കൊച്ചി ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) നിർദിഷ്ട ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്.
ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ
- ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കം സ്വാഗതാർഹം. എന്നാൽ കരടു ബില്ലിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല.
- ടൂറിസ്റ്റ് എന്നതിന് കൃത്യമായ നിർവചനം വേണം, സ്വമേധയാ നടപടിക്ക് അധികാരം എന്നത് ദുരുപയോഗ സാധ്യതയുള്ളതിനാൽ അക്കാര്യം കരടു ബില്ലിൽ നിന്ന് നീക്കണം
- കേരളത്തിനു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ഓൺലൈൻ ബുക്കിംഗുകളും അതോറിറ്റിയുടെ അധികാര പരിധിയിൽ വരാത്തതിനാൽ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരെ വേട്ടയാടുന്ന നിലയിലേക്ക് അതോറിറ്റി ഒതുങ്ങരുത്.
- കേരളത്തിലെ ടൂർ മേഖലക്ക് അനാവശ്യ പരാതികളിൽ നിന്ന് സംരക്ഷണം നൽകാൻ വിദേശ രാജ്യങ്ങളിലെ പോലെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം.
- ടൂറിസം പ്രൊമോട്ടർമാർ എന്നതിൽ ടൂറിസം മേഖലയിലെ എല്ലാ സേവനദാതാക്കളേയും ഉൾപ്പെടുത്തണം.
- അതോറിറ്റി അംഗങ്ങളിൽ ഒരാളെ ടൂറിസം മേഖലയിലെ എല്ലാ സംഘടനകളുടേയും നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ വേണം നിയമിക്കാൻ.
- മേൽപ്പറഞ്ഞവയടക്കം ടൂറിസം റെഗുലേറ്ററി അതോറിറ്റി രൂപീകരണം സംബന്ധിച്ച് ടൂറിസം മേഖലയുടെ ആശങ്കകളും അഭിപ്രായങ്ങളും യോഗത്തിൽ ഉയർന്നു.
സിഎടി ഒ പ്രസിഡന്റ് സഞ്ജീവ് കുമാർ, സെക്രട്ടറി രതീഷ് , അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാർ, അയാട്ടോ കേരള ചാപ്റ്റർ ചെയർമാൻ സിജോ ജോസ് എന്നിവർ ചർച്ച നിയന്ത്രിച്ചു .