ചെന്നൈ മെട്രോയാണ് താരം
സ്മാര്‍ട് കാര്‍ഡ്, മെട്രോ സൈക്കിള്‍, ഫീഡര്‍ സര്‍വീസ്, എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ക്കു പിന്നാലെ പുതിയ മൂന്നു പ്രഖ്യാപനങ്ങളുമായി എത്തി യാത്രക്കാരെ അമ്പരപ്പിക്കുന്നു സിഎംആര്‍എല്‍.
യാത്രാ സൗകര്യ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും സ്‌പെഷ്യല്‍ മെട്രോ ഓട്ടോറിക്ഷകള്‍ വരുന്നു. സ്റ്റേഷനുകളുടെ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ ഓട്ടോ സൗകര്യം ലഭിക്കും. മെട്രോ സ്മാര്‍ട് കാര്‍ഡുകള്‍ ഉപയോഗിച്ചു തന്നെ ഓട്ടോ ചാര്‍ജും ഈടാക്കുക. നിലവിലുള്ളതിലും കുറഞ്ഞ നിരക്കില്‍ സ്‌പെഷല്‍ ഓട്ടോകളില്‍ യാത്ര ചെയ്യാമെന്ന് സിഎംആര്‍എല്‍ ഉറപ്പുനല്‍കുന്നു.
സ്റ്റേഷനുകളിലെ തിരക്കിന് ആനുപാതികമായാണ് ഓട്ടോകള്‍ എത്തിക്കുക. സ്റ്റേഷനുകളോടു ചേര്‍ന്ന് ഇവയ്ക്കായി പ്രത്യേക സ്റ്റാന്‍ഡ് തയാറാക്കും. തിരികെ മെട്രോ സ്റ്റേഷനിലേക്കും ഓട്ടോ പിടിക്കാം. ഏതാനം മാസത്തിനുള്ളില്‍ ഈ സംവിധാനം പ്രബല്യത്തില്‍ വരും. ഓട്ടോ സര്‍വീസുകള്‍ക്കായുള്ള ടെന്‍ഡര്‍ വൈകാതെ വിളിക്കുമെന്ന് സിഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് ഓരോ പത്തു മിനിറ്റ് ഇടവിട്ടു സമീപ പ്രദേശങ്ങളിലേക്കു മിനിവാന്‍ സര്‍വീസ് ആരംഭിക്കുന്നതാണ് മറ്റൊരു പദ്ധതി. 14 സീറ്റുകളുള്ള ചെറു വാനുകളാണ് സര്‍വീസ് നടത്തുക.
ആലന്തൂര്‍ സ്റ്റേഷനില്‍നിന്ന് ഡിഎല്‍എഫ് ഐടി പാര്‍ക്കിലേക്കും, തിരുമംഗലം മെട്രോ സ്റ്റേഷനില്‍നിന്നു പാടി ബ്രിജ് എന്നിവിടങ്ങളിലേക്കുമാണ് ആദ്യ ഘട്ടത്തില്‍ വാന്‍ സര്‍വീസ് നടത്തുക. 20 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്. രാവിലെ ഏഴു മുതല്‍ രാത്രി പത്തു വരെ ഇവയുണ്ടാകും. മെട്രോ പരിധിക്ക് അപ്പുറമുള്ള യാത്രക്കാരെയും ആകര്‍ഷിക്കുകയാണു ലക്ഷ്യം.
പ്രധാന മെട്രോ സ്റ്റേഷനുകളില്‍ ഈയിടെ ആരംഭിച്ച കഫെ ഉഡുപ്പി രുചി റസ്റ്ററന്റില്‍നിന്നു യാത്രക്കാര്‍ക്ക് അന്‍പതു ശതമാനം കിഴിവില്‍ ഭക്ഷണം ലഭിക്കും. ജൂലൈ ഇരുപതുവരെയാണ് ഓഫര്‍. തിരുമംഗലം, അണ്ണാനഗര്‍ ടവര്‍, അണ്ണാനഗര്‍ ഈസ്റ്റ്, ഷെണോയ് നഗര്‍ സ്റ്റേഷനുകളിലാണ് ഈ സൗകര്യമുള്ളത്. സ്മാര്‍ട് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്കു മാത്രമേ കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭിക്കൂ.