Kerala

ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്

ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്.

ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം.

കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം.

ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.