അതിവേഗ ഇന്റർനെറ്റുമായി അംബാനി അടുക്കളയിലും; മൊബൈലുകാർക്കു പിന്നാലെ കേബിൾ ടിവിക്കാർക്കും ചങ്കിടിപ്പ്
സെക്കൻഡിൽ ഒരു ജിബി വേഗതയുമായി ഓഗസ്റ്റ് 15 മുതൽ ജിയോ ഗിഗാ ഫൈബർ വരുന്നു. അതിവേഗ ഇന്റർനെറ്റും ഓഫറുകളും കേബിൾ ടിവിക്കാരുടെ ചങ്കിടിപ്പ് കൂട്ടും. അപ്ലോഡ് സ്പീഡ് 100 എംബിപിഎസ് ആയിരിക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു. വസ്ത്രം, ഭക്ഷണം, ,വിനോദം, ആരോഗ്യം, സുരക്ഷ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുന്നതാകും ജിയോ ഗിഗാ ഫൈബർ.
വീടുകളിലേക്ക് അൾട്രാ എച്ച്ഡി വ്യക്തതയിൽ ടെലിവിഷനിലൂടെ വിനോദപരിപാടികൾ, വിഡിയോ കോൾ, വോയ്സ് ആക്റ്റിവേറ്റഡ് വെർച്വൽ അസിസ്റ്റന്റ് തുടങ്ങിയവയ്ക്ക് ജിയോ ജിഗാ ഫൈബർ അവസരമൊരുക്കും. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിലൂടെ വീടുകളിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വിദൂരങ്ങളിൽ നിന്ന് അനായാസം പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും.
ജിയോ ടിവി സെറ്റ് ടോപ് ബോക്‌സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും ജിയോ ടിവി, ജിയോ സിനിമ, ജിയോ ചാറ്റ് പോലുള്ള ജിയോ ആപ്പുകളും ഇഇതില്‍ ലഭ്യമാവും. റിമോട്ടില്‍ നല്‍കിയിട്ടുള്ള ബട്ടന്‍ വഴി വോയ്‌സ് കമാന്റിലൂടെ സെറ്റ് ടോപ്പ് ബോക്‌സ് നിയന്ത്രിക്കാനും സാധിക്കും. ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ വോയ്‌സ് കമാന്റ് സേവനം ലഭ്യമാണെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. ജിയോ ടിവി കോളിങ് സൗകര്യവും സെറ്റ് ടോപ് ബോക്‌സ് വഴി സാധ്യമാണ്. ഇത് വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിങ് സാധ്യമാക്കുന്നു.
ജിയോ ഫോണിന്റെ പുതുപതിപ്പായ ജിയോ ഫോൺ 2, മൺസൂൺ ഹങ്കാമ ഓഫറുകൾ ഉൾപ്പെടെ വരിക്കാർക്കും നിക്ഷേപകർക്കും ആകർഷകമായ നിരവധി പ്രഖ്യാപനങ്ങളും അംബാനി നടത്തി. കഴിഞ്ഞ വർഷത്തെ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ച ജിയോ ജിയോ ഫോണിന്റെ പുതിയ വേർഷനാണ് ജിയോ ഫോൺ 2. വാട്സാപ്, യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ പുതിയ ഫോണിൽ ലഭ്യമാണ്.
2.5 ലക്ഷം കോടി രൂപ ഇതിനകം ബ്രോഡ്ബാൻഡ് ശൃംഖല മെച്ചപ്പെടുത്താൻ കമ്പനി നിക്ഷേപിച്ചതായി വെളിപ്പെടുത്തിയ മുകേഷ് അംബാനി, ഒപ്റ്റിക്കൽ ഫൈബർ വഴിയുള്ള ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് ശൃംഖലയാണ് ഈ രംഗത്തെ ഭാവി നിർണയിക്കുകയെന്നും പറഞ്ഞു.
ജിയോ ഗിഗാ ഫൈബർ പ്രഖ്യാപനം വന്നതോടെ രാജ്യത്തെ മുൻനിര കേബിൾ ടിവി സ്ഥാപനങ്ങളുടെ ഓഹരികളിൽ ഇടിവുണ്ടായി.