പാര്‍വതി പുത്തനാര്‍ ശുചീകരിക്കുന്നു: വരുന്നത് വെനീസിനെ വെല്ലും ജല ടൂറിസം
പോളകള്‍ നിറഞ്ഞും മാലിന്യം മൂടിയും അഴുക്കുചാലായ തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ച് വരുന്നു. പാര്‍വതി പുത്തനാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരില്‍ കണ്ടു വിലയിരുത്തി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു.
കോവളത്ത് തുടങ്ങി ഭാരതപ്പുഴ വരെ വിവിധ നദികളേയും കായലുകളേയും ബന്ധിപ്പിച്ചുള്ള ടി.എസ്.കനാല്‍ വീണ്ടെടുക്കല്‍ പദ്ധതിയുടെ പ്രധാനഭാഗമാണ് പാര്‍വതി പുത്തനാര്‍. ഇവിടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തുടങ്ങിക്കഴിഞ്ഞു. 53 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പാര്‍വതി പുത്തനാറിനെ സമഗ്രമായി ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തി നടത്തുന്നത്. ഇതിന് സമാന്തരമായി കോഴിക്കോട് കനോലി കനാല്‍ വൃത്തിയാക്കല്‍, മാഹി-വളപട്ടണം പുഴകളെ ബന്ധിപ്പിച്ചുകൊണ്ട് 26 കി.മി പുതിയ കനാല്‍ നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങളും ഒന്നാംഘട്ടത്തില്‍ നടക്കും. 2020 മെയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാകും.
പാര്‍വതി പുത്തനാര്‍ വീണ്ടെടുക്കല്‍
- പാര്‍വതി പുത്തനാറില്‍ കോവളം മുതല്‍ ആക്കുളം വരെയുള്ള 16 കി.മി ഭാഗം, ഏറ്റവും കുറഞ്ഞത് 3.7 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സോടെ ഗതാഗതയോഗ്യമാക്കുകയാണ് ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.. ഇത് ആക്കുളം റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉയരമാണ്. പുത്തന്‍പാലം, വള്ളക്കടവ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളിലെ പാലങ്ങള്‍ ഇവ്വിധം പുനര്‍നിര്‍മിക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ മൂന്ന് പാലങ്ങള്‍ക്കും 3.7 മീറ്ററില്‍ താഴെയാണ് ഉയരം. ഇവ അടിയന്തിരമായി പുനര്‍നിര്‍മിക്കണം.വളരെ പരിമിതമായ തോതില്‍ സ്ഥലമേറ്റെടുക്കല്‍ വേണ്ടിവരുന്നവിധമാണ് പാലങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്.
- കനാലില്‍ പോളവാരല്‍, മാലിന്യം നീക്കം ചെയ്യല്‍ ഒഴുക്ക് വീണ്ടെടുക്കല്‍ എന്നീ പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ഇതിനായി ഷ്രെഡര്‍, സ്വീഡിഷ് നിര്‍മിത ആഫിംബിയന്‍ ക്ലീനിങ് യന്ത്രം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ മലിനജലം കനാലിലേയ്ക്ക് നിര്‍ബാധം ഒഴുകുകയാണ്. ഇത് ശാസ്ത്രീയമായി പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങും. കനാല്‍ ആഴം കൂട്ടുന്ന പ്രവൃത്തി ഒക്ടോബറില്‍ തുടങ്ങും. ഹോളണ്ട് നിര്‍മിത സില്‍റ്റ് പുഷര്‍ ഇതിനായി ലഭ്യമാക്കും.
- പാച്ചല്ലൂരിനടുത്ത് പനത്തുറയ്ക്ക് സമീപം 175 മീറ്റര്‍ കനാല്‍ വീണ്ടെടുക്കണം. നിലവില്‍ ഈ ഭാഗത്തിന് കുറുകെ റോഡാണ്. ഇവിടെ പുതിയ പാലം പണിയും.
- പാര്‍വതി പുത്തനാറിന്റെ ശുചീകരണ ജോലികള്‍ കഴിഞ്ഞാല്‍ വര്‍ക്കലയിലെ രണ്ട് തുരപ്പുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തുടങ്ങും. അടുത്തഘട്ടത്തില്‍ സമാന്തരമായി തുരപ്പുകള്‍ പണിയും.
- ബോട്ട് ജെട്ടികള്‍ നിര്‍മിക്കല്‍, ടൂറിസം ഗ്രാമങ്ങള്‍ ഉണ്ടാക്കല്‍ എന്നിങ്ങനെ സമഗ്രമായ വികസനം വിവിധ ഘട്ടങ്ങളില്‍ നടക്കും.
- ജലപാതയെ നഗരകേന്ദ്രങ്ങളിലേയ്ക്കും വിമാനത്താവളങ്ങളിലേയ്ക്കും ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിന് വളരെ അടുത്തായാണ് ജലപാത കടന്നുപോകുന്നത്. കൊച്ചി വിമാനത്താവളത്തിന് സമീപമുള്ള ചെങ്ങല്‍ തോടിനെ നഗരവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി തയ്യാറായി വരുന്നു. തൃശ്ശൂര്‍ നഗരത്തില്‍ വഞ്ചിക്കുളം ഭാഗത്താവും ദേശീയ ജലപാതയുമായുള്ള കനാല്‍ ബന്ധം സ്ഥാപിക്കുക.
ഉള്‍നാടന്‍ ജലപാത വികസനം
- തെക്ക് കോവളം മുതല്‍ വടക്ക് ഹോസ്ദുര്‍ഗ് വരെ 590 കി.മി ദൂരത്തില്‍ സുഗമവും കാര്യക്ഷമവുമായ ഉള്‍നാടന്‍ ജലഗതാഗതം സാധ്യമാക്കുകയാണ് പദ്ധതി കൊണ്ടുദ്യേശിക്കുന്നത്. സംസ്ഥാനത്തിന്റെ വിനോദസഞ്ചാര, ഗതാഗത മേഖലകളില്‍ സൃഷ്ടിപരമായ മാറ്റം കൊണ്ടുവരാന്‍ ഉതകുന്ന ഈ പദ്ധതി, അതിന്റെ സമഗ്രമായ വെല്ലുവിളികള്‍ ഉള്‍ക്കൊണ്ട് ഈ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ആ അര്‍ത്ഥത്തില്‍ ഇതൊരു സ്വപ്ന പദ്ധതിയാണ്.
- കോവളം-ഹോസ്ദുര്‍ഗ് ജലപാതയുടെ വികസനം മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരും കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (സിയാല്‍) ചേര്‍ന്ന് കേരള വാട്ടര്‍വേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഈ പദ്ധതിയ്ക്കുണ്ടാകും. പ്രാരംഭ നടപടിയായി ഫെബ്രുവരി 12 ന്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേരുകയും പദ്ധതിയെക്കുറിച്ച് സമഗ്രമായി വിലയിരുത്തുകയും ചെയ്തു. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍, ഓരോ ഏജന്‍സികളും നിര്‍വഹിക്കേണ്ട ചുമതല, പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം തുടങ്ങിയവയെക്കുറിച്ച്മുഖ്യമന്ത്രി വിശദമായ നിര്‍ദേശങ്ങള്‍ നല്കി
- ഇത്തരമൊരു ജലപാത ഇപ്പോള്‍ രൂപപരമായി നിലവിലുണ്ടെങ്കിലും ഭൂരിഭാഗവും ഉപയോഗക്ഷമമല്ല. കായലുകള്‍, നദികള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഉള്‍നാട്ടിലൂടെ ജലഗതാഗതം സാധ്യമാക്കാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ദശകങ്ങളായി അവഗണിക്കപ്പെട്ടുകിടക്കുന്നതിനാല് പലയിടങ്ങളിലും ഇത് മൂടപ്പെട്ടുകിടക്കുന്നു. അതിവേഗം നാശോന്മുഖമാകുന്ന ജലപാതയുടെ വീണ്ടെടുക്കലാണ് ആദ്യഘട്ടത്തില്‍ നിര്‍വഹിക്കുക . മേല്‍പ്പറഞ്ഞ 590 കി.മിയില്‍ കൊല്ലം മുതല്‍ കോട്ടപ്പുറം വരെ 168 കി.മി ഇപ്പോള്‍ ഉപയോഗക്ഷമമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് ഇതുള്ളത്. കൊല്ലത്ത് നിന്ന് തെക്കോട്ട് കോവളം വരെയും കോട്ടപ്പുറത്തിന് വടക്കോട്ട് ഹോസ്ദുര്‍ഗ് വരേയും ജലപാതയുടെ വീണ്ടെടുക്കല്‍/വികസനം/ നിര്‍മാണം എന്നിവ സാധ്യമാക്കേണ്ടതുണ്ട്.