Kerala

പള്ളിപ്പുറം കോട്ട മുഖം മിനുക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ മുഖംമിനുക്കല്‍ അവസാന ഘട്ടത്തില്‍. ചുവരുകളെല്ലാം പുനര്‍നിര്‍മിച്ചു ചായം പൂശിയതിനു പുറമെ, തകര്‍ന്നു കിടന്ന തറഭാഗം ബലപ്പെടുത്തി കരിങ്കല്‍പ്പാളികള്‍ പാകിയിട്ടുണ്ട്. കോട്ട സ്ഥിതിചെയ്യുന്ന വളപ്പിനു ചുറ്റും തകര്‍ന്നു കിടന്നിരുന്ന മതിലും പുനര്‍നിര്‍മിച്ചിട്ടുണ്ട്.

കൂടാതെ പുഴയോരത്തു മനോഹരമായ മതിലും പുതുതായി ഒരുക്കി. വാച്ച്മാന്‍ക്യാബിനും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കിഴക്കുഭാഗത്ത് ശുചിമുറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി കുളത്തിന്റെ നവീകരണമാണു ബാക്കിയുള്ളത്.

കുളം വറ്റിച്ചു ചെളി കോരിമാറ്റി, ചുറ്റും കമ്പിവേലിയും അതിനുപുറത്തായി നടപ്പാതയും സ്ഥാപിക്കും. കാലവര്‍ഷത്തിനു ശേഷമായിരിക്കും ഈ ജോലികള്‍ നടത്തുക.

1503 ല്‍ പണിതുയര്‍ത്തിയ കോട്ട അന്നത്തെ സവിശേഷമായ നിര്‍മാണരീതികൊണ്ട് അഞ്ചു നൂറ്റാണ്ട് കേടുപാടുകളില്ലാതെ പിടിച്ചുനിന്നെങ്കിലും പിന്നീട് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമായ അവസ്ഥയിലെത്തുകയായിരുന്നു. മാനുവല്‍ ഫോര്‍ട്ട് എന്ന പോര്‍ച്ചുഗീസ് രാജാവാണ് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കു നിന്നും കായല്‍ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ശര്‍ക്കരയും കുമ്മായവും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന സുര്‍ക്കി മിശ്രിതമാണ് കല്ലുകള്‍ കെട്ടിപ്പൊക്കാനും പുറംതേക്കാനും ഉപയോഗിച്ചത്. സുര്‍ക്കിക്ക് പശിമ കൂട്ടാന്‍ കുന്നിക്കുരുവും അരച്ചുചേര്‍ത്തിരുന്നതായി ചരിത്രം പറയുന്നു. 34 അടിയാണ് കോട്ടയുടെ ഉയരം. പീരങ്കിയുണ്ടയെ വരെ ചെറുക്കാനാവുന്ന തരത്തില്‍ ഏഴടി കനത്തിലാണ് ഭിത്തി.