സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം
കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ.
മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.