ഇനി കഴിക്കാം ഭക്ഷണത്തിനൊപ്പം പാത്രങ്ങളും
ദിനംപ്രതി എണ്ണം പെരുകി വരുന്ന ആഘോഷങ്ങളാണ് നമ്മുടെ ഇടങ്ങിലുള്ളത്. ആഘോഷത്തിന്റെ ആരവങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിയാവുന്നത് കുറെയേറെ ഭക്ഷണാവിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമാണ്.
എന്നാല്‍ ആഘോഷ വേളയില്‍ വിളമ്പിയ ഭക്ഷണങ്ങള്‍ക്കൊപ്പം പാത്രങ്ങള്‍ കൂടി കഴിക്കാന്‍ സാധിച്ചാലോ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നുണ്ടാവും എന്നാല്‍ സമീപഭാവിയില്‍ തന്നെ നടക്കാന്‍ പോകുന്ന കാര്യമാണ് പറഞ്ഞത്. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ നമ്മുടെ തീന്‍ മേശയില്‍ ഉടന്‍ എത്തുമെന്ന് ഉറപ്പുമായി വന്നിരിക്കുയാണ് ബെംഗളൂരു അസ്ഥാനമായി പ്രവര്‍കത്തിക്കുന്ന ഗജമുഖ എന്റര്‍പ്രൈസസ്.
ഭക്ഷണത്തിനോടൊപ്പം തന്നെ കഴിക്കാന്‍ സാധിക്കുന്ന പാത്രങ്ങള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, തുടങ്ങിയവയുമായാണ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്.
ഷൈല ഗുരുദത്ത്, ലക്ഷ്മി ഭീമാചാര്‍ എന്നിവരാണ് ഈ പുതുസംരംഭത്തിന് പിന്നില്‍. എഡിബിള്‍ പ്രോ എന്ന പേരിലാണ് ഇവര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്.
സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന പദാര്‍ഥങ്ങളില്‍ നിന്നാണു തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കപ്പെടുന്നതെന്നു ഷൈല ഗുരുദത്ത് പറയുന്നു. ഇവ കഴിക്കുകയോ മണ്ണിലുപേക്ഷിക്കുകയോ ചെയ്യാം. മണ്ണിലുപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇവ ലയിച്ചു ചേരും.
ചന്ദന നിറമുള്ള, മനം മയക്കുന്ന ഗന്ധമുള്ള ഈ പാത്രങ്ങള്‍ അത്രയെളുപ്പം ഭക്ഷിക്കാന്‍ സാധിക്കില്ല. കുറച്ചു കനമുണ്ട് ഇവയ്ക്ക്. കനമില്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ അതില്‍ കരുതാന്‍ സാധിക്കില്ലല്ലോ. അല്‍പം നനവുള്ള ഭക്ഷണസാധനങ്ങള്‍ പാത്രങ്ങളില്‍ വച്ചാല്‍ അവ നേര്‍ത്തതാകും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങളും അകത്താക്കാം.
ആദ്യമായല്ല കഴിക്കാവുന്ന പാത്രങ്ങള്‍ ഇന്ത്യയിലെത്തുന്നത്. കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെഎഫ്‌സി) രണ്ടു വര്‍ഷംമുന്‍പ് കഴിക്കാവുന്ന ‘റൈസ് ബോളുകള്‍’ തങ്ങളുടെ സ്റ്റോറുകളിലെത്തിച്ചിരുന്നു. കെഎഫ്‌സി ഔട്‌ലൈറ്റുകളില്‍ ഇവ ഹിറ്റായിരുന്നു.
ഇതിന്റെ ചുവടുപിടിച്ച്, ഹൈദരാബാദ് ആസ്ഥാനമായ ‘ബേയ്ക്കീസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനി ഭക്ഷ്യയോഗ്യമായ സ്പൂണുകള്‍ പുറത്തിറക്കി. ഭക്ഷ്യയോഗ്യമായ സ്പൂണുകള്‍ നിര്‍മിക്കുക വഴി പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യവും ബേയ്ക്കീസിനുണ്ടായിരുന്നു. 100 സ്പൂണുകളടങ്ങിയ ഒരു ബോക്‌സിനു 300 രൂപയാണ് അവര്‍ ഈടാക്കുന്നത്. ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എങ്കിലും ഒന്നരവര്‍ഷം വരെ ഇവ കേടുകൂടാതെ ഇരിക്കും. അമേരിക്കയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നു തങ്ങള്‍ക്കു ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നു കമ്പനി അധികൃതര്‍ പറയുന്നു.
എന്തായാലും തീന്‍മേശകളില്‍ ഇനി വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നത് ഭക്ഷ്യയോഗ്യമായ പാത്രങ്ങളാകുമെന്നുറപ്പാണ്. ഇവ പ്ലാസ്റ്റിക് ഉപയോഗത്തെ കുറച്ചെങ്കിലും ചെറുക്കാന്‍ സഹായിക്കും. ഓരോ ദിവസവും ഉപേക്ഷിക്കപ്പെടുന്ന, മണ്ണില്‍ ലയിച്ചു ചേരാത്ത കോടിക്കണക്കിനു പാത്രങ്ങളും കപ്പുകളും രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ ഇതിനുമൊരു പരിഹാരമാണ്.
സ്റ്റീല്‍ പാത്രങ്ങള്‍ പുനരുപയോഗിക്കാമെങ്കിലും ഭക്ഷ്യയോഗ്യമായ പാത്രങ്ങള്‍ കഴുകേണ്ട ആവശ്യമില്ല. കൂടാതെ ഏതു രൂപത്തിലും അവ നിര്‍മിക്കുകയും ചെയ്യാം.