ക്ഷേത്ര നിവേദ്യം മാത്രം കഴിക്കുന്ന മുതല: ബബിയയെ കാണാം കാസർകോട്ട്

മുതലകൾ മാംസാഹാരികളാണ്. മുതലയുള്ള ജലാശയങ്ങളിൽ ഇറങ്ങാൻ മനുഷ്യർക്ക് മടിയുമാണ്. എന്നാൽ കാസർകോട് അനന്തപുരം ശ്രീ അനന്ത പദ്മനാഭ ക്ഷേത്രത്തിലേക്ക് വരൂ. സസ്യാഹാരിയായ മുതലയെ കാണാം. ക്ഷേത്ര നിവേദ്യം മാത്രമാണ് ബബിയ എന്ന ഈ മുതലയുടെ ആഹാരം.

തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെ വടക്ക് ഭാഗത്തായി മുതലയുടെ വാസസ്ഥലമായ രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. ഇപ്പോഴുള്ള മുതലക്ക് മുമ്പ് മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ‘ബബിയാ’ എന്ന് വിളിച്ചാല്‍ ഈ മുതല വേഗത്തില്‍ വിളികേട്ട ഭാഗത്തേക്ക് ഓടിവരുമായിരുന്നുവത്രെ. ബ്രിട്ടീഷ് സൈന്യത്തിന്റെ താവളമായിരിക്കെ 1945ല്‍ അവര്‍ മുതലയുടെ പ്രത്യേകത അറിയുകയും ‘ബബിയാ’ എന്ന് വിളിച്ചപ്പോള്‍ ആളുകള്‍ക്ക് അരികിലേക്കെത്തിയ മുതലക്ക് നേരെ സൈന്യത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നുവെന്നും പറയുന്നു. ഈ മുതലയുടെ ശവശരീരം മനുഷ്യനെ സംസ്‌ക്കരിക്കുന്നത് പോലെ എല്ലാ ചടങ്ങുകളോടും കൂടി ക്ഷേത്രത്തിന് പുറത്തെ അഗ്‌നികോണില്‍ ദഹിപ്പിക്കുകയായിരുന്നുവത്രെ.
വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു മുതല ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.

ക്ഷേത്രക്കുളത്തില്‍ നിലവിലുള്ള ഈ മുതലയും ‘ബബിയ’ എന്ന പേരിലാണ് വിളിക്കപ്പെടുന്നത്. കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി ഇത് ഇവിടെയുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാര്‍ നല്‍കുന്ന നിവേദ്യച്ചോര്‍ മാത്രമാണ് ഈ മുതലയുടെ ഭക്ഷണം. കഴിഞ്ഞ അറുപത് വര്‍ഷങ്ങള്‍ക്കിടെ മനുഷ്യരെയൊന്നും ഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ അത്ഭുതത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്. ക്ഷേത്ര പൂജാരി കുളത്തില്‍ കുളിക്കുന്നതിനിടെ അബദ്ധത്തില്‍ മുതലയെ ചവിട്ടിയ സന്ദര്‍ഭങ്ങള്‍ പലതവണ ഉണ്ടായി. അപ്പോഴൊക്കെയും മുതല മയക്കത്തില്‍ നിന്നുണര്‍ന്ന് ഒരു വശത്തേക്ക് നീങ്ങി ഗുഹയിലേക്ക് പോകുമത്രെ. മഴക്കാലത്തു നിറഞ്ഞു കവിയുന്നതാണ് തടാകം. ഈ സമയം മുതലക്കു ഇവിടെ നിന്നും മറ്റെവിടെയെങ്കിലും പോകാമെങ്കിലും ബബിയ അതിനു തുനിഞ്ഞിട്ടില്ല.

ക്ഷേത്രത്തിനു പ്രത്യേകതകൾ ഏറെ

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു.

സസ്യാഹാരിയായ ബബിത മുതല മാത്രമല്ല മറ്റു നിരവധി സവിശേഷതകളും ക്ഷേത്രത്തിനുണ്ട്. സാധാരണ ക്ഷേത്രങ്ങളില്‍ ലോഹം, മരം, മണ്ണ് മുതലായ ദ്രവ്യങ്ങളിലുണ്ടാക്കുന്ന വിഗ്രഹങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കടുശര്‍ക്കരയോഗ വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. പുരാതനമായ ഈ ശൈലി അതി വിരളമായേ നിലവിലുള്ളൂ. പേര് പോലെത്തന്നെ കഠിനമായ നിര്‍മ്മാണ ശൈലിയാണ് ഇതിന്റേത്. ഒട്ടുമിക്ക പ്രധാനക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍ ഈ ശൈലിയിലാണ്. അനന്തപുരം ക്ഷേത്രത്തിലെ പുരാതന വിഗ്രഹങ്ങളെല്ലാം കടുശര്‍ക്കരയോഗത്തിലുള്ളതാണ്. ഈ രീതിയില്‍ 1200 വര്‍ഷങ്ങള്‍ വരെ പഴക്കമുള്ള വിഗ്രഹങ്ങള്‍ ഇവിടെയുണ്ടായിരുന്നുവത്രെ. 1976ല്‍ നടന്ന നവീകരണ കലശത്തിന്റെ ഭാഗമായി പുരാതന വിഗ്രഹങ്ങള്‍ ശ്രീ കോവിലില്‍ നിന്നെടുത്ത് ജലാധിവാസം ചെയ്യുകയും ഈ സ്ഥാനത്ത് പഞ്ചലോഹ വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഗരുഡന്റെയും ഹനുമാന്റെയും ശിലയില്‍ തീര്‍ത്ത വിഗ്രഹങ്ങളും ഇവിടെ സ്ഥാപിച്ചു.
കലശത്തിന് ശേഷം കണ്ട ദോഷപരിഹാരത്തിനായി പ്രശ്‌നം നടത്തിയപ്പോള്‍ വിഗ്രഹമാറ്റം പ്രധാന ദോഷമായി കണ്ടുവത്രെ. പൂര്‍വ്വസ്ഥിതിയില്‍ കടുശര്‍ക്കരപാകത്തില്‍ തന്നെ വിഗ്രഹം നിര്‍മ്മിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. പിന്നീട് അഷ്ടമംഗല്യ പ്രശ്‌നം നടത്തിയെങ്കിലും നേരത്തെ കണ്ട ദോഷങ്ങള്‍ തന്നെ ആവര്‍ത്തിച്ചു. പഞ്ചലോഹ വിഗ്രഹം മാറ്റിയേ തീരൂ എന്ന് ഇതോടെ ബോധ്യമായി. എന്നാല്‍ ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്ന ശില്‍പിയെ കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ നന്നേ പാടുപെട്ടു. കോട്ടയം വേലാപറമ്പിലെ പരമേശ്വരന്‍ നമ്പൂതിരി എന്ന പ്രഗത്ഭനായ വാസ്തുശില്‍പിയെ കുറിച്ചറിഞ്ഞതോടെ അവരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ക്ഷേത്ര ഭാരവാഹികള്‍ ബ്രഹ്മമംഗലത്തെ ശ്രീ സുബ്രഹ്മണ്യ ആചാരിയെക്കണ്ടു. അവരുടെ മേല്‍നോട്ടത്തിലാണ് ഏറെ പരിശ്രമത്തിനൊടുവില്‍ കടുശര്‍ക്കരയോഗ വിഗ്രഹം തീര്‍ത്തത്.


64 ആയുര്‍വേദ ഔഷധങ്ങള്‍ ഉള്‍പ്പെടെ 108 വസ്തുക്കള്‍ ഉപയോഗിച്ചാണ് കടുശര്‍ക്കരയോഗ വിഗ്രഹം തീര്‍ത്തത്. തല, ശരീരം, കൈകാലുകള്‍ തുടങ്ങിയ ബാഹ്യ ഭാഗങ്ങള്‍ക്കൊപ്പം ആന്തരിക ഭാഗങ്ങളും ഉണ്ടെന്നതാണ് കടുശര്‍ക്കരയോഗ വിഗ്രഹങ്ങളുടെ പ്രത്യേകത. ഔഷധങ്ങള്‍ക്ക് പുറമെ ത്രിവേണി സംഗമത്തിലെ ചുവന്ന കല്ല്, കറുപ്പ് കല്ല്, കാവിക്കല്ല്, ഭാരതപ്പുഴയുടെ ആഴം കൂടിയ പ്രദേശങ്ങളിലുള്ള പ്രത്യേക തരം മണ്ണ്, ചന്ദനത്തിരി, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയും ഇതിനായി ഉപയോഗിച്ചു.

എങ്ങനെയെത്താം ക്ഷേത്രത്തിൽ

കാസർഗോട്ട് നിന്ന് കുമ്പള ബദിയഡുക്ക റൂട്ടിലെ നായികാപ്പ് ബസ്റ്റോപ്പിൽ ഇറങ്ങി ഒന്നര കിലോമീറ്റർ വലത്തോട്ട് പോയാൽ ക്ഷേത്രത്തിലെത്താം.