കുളിക്കാം ക്രൂഡ് ഓയിലില്‍ അസര്‍ബൈജാനില്‍ എത്തിയാല്‍
കാലത്തെഴുന്നേറ്റ് ദേഹമാസകലം എണ്ണതേച്ചൊരു കുളി മലയാളികളുടെ പതിവാണ്. കുളി നിര്‍ബന്ധമുള്ള നമ്മള്‍ തിരഞ്ഞെടുക്കുന്നതോ പച്ചവെള്ളം അല്ലെങ്കില്‍ ചൂടുവെള്ളം അതിനപ്പുറമൊരു ഓപ്ഷന്‍ നമ്മള്‍ക്കില്ല.
എന്നാല്‍ അങ്ങ് ദൂരെ അസൈര്‍ബജാനില്‍ ആളുകള്‍ കുളിക്കുന്നത് എന്തിലാണെന്ന് അറിയുമോ ക്രൂഡ് ഓയിലില്‍. കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുമെങ്കിലും ക്രൂഡ് ഓയില്‍ കുളി ചില്ലറക്കാര്യമല്ല. നിരവധി രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും ഈ കുളിക്ക്.
കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയ ശേഖരമുള്ള നാടാണ് അസര്‍ബൈജാന്‍. കഴിഞ്ഞ നൂറ്റിയെഴുപതു വര്‍ഷങ്ങളായി ഏറ്റവും മൂല്യമേറിയ എണ്ണശേഖരത്തിന്റെ പേരിലാണ് ഈ നാട് അറിയപ്പെടുന്നത്. അസര്‍ബൈജാന്റെ തലസ്ഥാനമായ ബാകുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ചെറിയൊരു പട്ടണമാണ് നഫ്റ്റാലന്‍. ഈ നാടാണ് ക്രൂഡ് ഓയില്‍ കുളിയ്ക്ക് വലിയ പ്രചാരം നല്‍കിയത്.
1926 ലാണ് നഫ്റ്റാലന്‍ റിസോര്‍ട്ട് സ്ഥാപിക്കപ്പെട്ടു. ഒമ്പതു ഹോട്ടലുകളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വസന്തത്തിന്റെ ആരംഭം മുതല്‍ തന്നെ ഇവിടുത്തെ ഹോട്ടലുകളില്‍ ആള്‍ത്തിരക്കേറും. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് അവിടം സന്ദര്‍ശിക്കാനായി എത്തും.
കാഴ്ചകള്‍ കാണുന്നതിനൊപ്പം ചൂടുള്ള ക്രൂഡ് ഓയിലില്‍ ഒരു കുളി അതിനാണ് ഭൂരിപക്ഷം സഞ്ചാരികളും നഫ്റ്റാലനിലേക്ക് എത്തുന്നത്. ഒരുവര്‍ഷം ഏകദേശം 15000 പേരാണ് ഈ കൊച്ചുപട്ടണത്തില്‍ എത്തുന്നത്. ഭൂമിയുടെ രക്തമെന്നാണ് ഈ നാട്ടിലുള്ളവര്‍ ക്രൂഡ് ഓയിലിനെ വിളിക്കുന്നത്.
ത്വക് സംബന്ധമായ എഴുപതില്പരം രോഗങ്ങള്‍ക്കും അണുനാശകമായുമെല്ലാമായാണ് ഈ ഓയില്‍ ഉപയോഗിക്കപ്പെടുന്നത്. മൂത്രാശയ സംബന്ധമായതും ഗര്‍ഭവുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും ക്രൂഡ് ഓയില്‍ കൊണ്ടുള്ള സ്‌നാനം ഉത്തമമാണെന്നാണ് ഭിഷഗ്വരന്മാര്‍ വരെ സാക്ഷ്യപ്പെടുത്തുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ അസര്‍ബൈജാനി കവിയായിരുന്ന നിസാമി ഗഞ്ചാവിയുടെ കൃതികളില്‍ നഫ്റ്റാലിന്‍ ഓയില്‍ അയല്‍രാജ്യങ്ങളിലേക്കു കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങളുണ്ട്. അതുപോലെ തന്നെ സഞ്ചാരിയായ മാര്‍ക്കോ പോളോയുടെ വിവരണങ്ങളിലും ത്വക്ക് സംബന്ധിച്ച രോഗങ്ങള്‍ക്ക് ഈ ഓയില്‍ ഗുണകരമാണെന്ന രീതിയിലുള്ള എഴുത്തുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെന്നു ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ കുളിയില്‍ അല്പം കാര്യമുണ്ടെന്നു തന്നെയാണ് ശാസ്ത്രവും പറയുന്നത്. അമ്പതു ശതമാനത്തോളം നാഫ്തലീനും ഹൈഡ്രോകാര്‍ബണും അടങ്ങിയിരിക്കുന്നതുകൊണ്ടു തന്നെ സോറിയാസിസ്, ചൊറി പോലുള്ളവയ്ക്ക് ഇതുത്തമമാണെന്നാണ് പറയപ്പെടുന്നത്.
ചൂടാക്കുമ്പോള്‍ ഈ ഓയിലിന്റെ മണം അല്പം അസഹനീയം തന്നെയാണെന്നാണ് കുളി കഴിഞ്ഞു നില്‍ക്കുന്നവര്‍പറയുന്നത്. കുറച്ചേറെ സങ്കീര്‍ണമായ പ്രക്രിയയാണ് ബാത്ടബ്ബിലെ കിടപ്പും ദേഹം മുഴുവന്‍ ഈ എണ്ണ തിരുമ്മി പിടിപ്പിക്കുന്നതും കഴുകി കളയുന്നതുമൊക്കെ. എങ്കിലും പലരുടെയും അനുഭവങ്ങള്‍ ഇതേറെ മികച്ചതാണെന്ന അഭിപ്രായത്തിന് അടിവരയിടുന്നു.
ആറു വയസുമുതല്‍ നാല്‍പതു വയസുവരെയുള്ളവര്‍ക്കു മാത്രമേ ഈ കുളി ഉള്ളു. കൂടാതെ ആധുനിക രീതിയില്‍,എല്ലാ തരത്തിലുമുള്ള മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം മാത്രമേ കുളിക്കാനായി കയറ്റുകയുള്ളു. ക്രൂഡ് ഓയിലില്‍ കുളിക്കാനായി ആരെങ്കിലും അസര്‍ബൈജാനിലേക്കു വണ്ടി കയറുന്നുണ്ടെങ്കില്‍ണ് ഇക്കാര്യങ്ങള്‍ കൂടി ഓര്‍മയില്‍ വെയ്ക്കണേ.