News

ടൂറിസം ഭൂപടത്തിൽ മലബാർ മുഖ്യസ്ഥാനത്തേക്ക്; മലനാട് റിവർ ക്രൂയിസ് പ്രവർത്തനങ്ങൾക്ക് തുടക്കം

നദികളും നാടൻകലകളും കൈത്തൊഴിലും കൈത്തറിയും ലോകത്തിനുമുന്നിലവതരിപ്പിക്കുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനത്തിനു തുടക്കം. പറശ്ശിനിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പികെ ശ്രീമതി എംപി. ടൂറിസം സെക്രട്ടറി റാണി ജോർജ്, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുത്തു . മലബാറിലെ നദികളുടെ സവിശേഷതകളും നദീതീരങ്ങളിലെ സംസ്കാരങ്ങളും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്ന വിനോദ വിജ്ഞാന ജലയാത്രയാണ് മലനാട്-മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി.

കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളും കാസർകോട് ജില്ലയിലെ തേജസ്വനി, ചന്ദ്രഗിരി നദികളും വലിയപറമ്പ കായൽ തുടങ്ങിയ ജലാശയങ്ങളുൾക്കൊള്ളിച്ചാണ് പുതിയ ടൂറിസം നടപ്പാക്കുക. പതിനേഴ് ബോട്ട്ജെട്ടികളുടെ നിർമാണത്തിന് 53.07 രൂപയുടെ പദ്ധതികൾക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ് ഭരണാനുമതി നൽകി. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മലബാറിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും ഭാവനാസമ്പന്നമായ പദ്ധതിയായിരിക്കുമിത്. ഭാവിയിൽ സംസ്ഥാനത്തെ 44 നദികളെയും ഈ പദ്ധതിയിൽ ഉൾക്കൊള്ളിക്കാനാകും. ടൂറിസം വില്ലേജുകളുണ്ടാകും. തുരുത്തുകളുടെ വികസനം നടക്കും.

മാഹിനദി-മാർഷ്യൽ ആർട്‌സ് ആൻഡ്‌ കളരി ക്രൂയിസ്, അഞ്ചരക്കണ്ടി നദി-പഴശ്ശിരാജ ആൻഡ്‌ സ്പെയ്‌സസ് ക്രൂയിസ്, വളപട്ടണം നദി-മുത്തപ്പൻ ആൻഡ്‌ മലബാരി ക്യൂസീൻ ക്രൂയിസ്, ബോർഡ്‌സ് ആൻഡ്‌ അഗ്രി ക്രൂയിസ് ആൻഡ്‌ തെയ്യം ക്രൂയിസ്, കുപ്പം നദി-കണ്ടൽ ക്രൂയിസ്, പെരുമ്പ നദി-മ്യൂസിക് ക്രൂയിസ്, കവ്വായി നദിയിലും വലിയപറമ്പ കായലിലും ഹാൻഡ്‌ലൂം ആൻഡ്‌ ഹാൻഡി ക്രാഫ്റ്റ് ക്രൂയിസ്, തേജസ്വിനി നദി-വാട്ടർ സ്പോർട്സ്‌ ആൻഡ്‌ റിവർ ബാത്തിങ് ക്രൂയിസ്, വലിയപറമ്പ കായലിൽ ‘മോഡൽ റെസ്പോൺസിബിൾ വില്ലേജ് ക്രൂയിസ്’, ചന്ദ്രഗിരി നദി-യക്ഷഗാന ക്രൂയിസ് എന്നീ 11 തീമാറ്റിക് ക്രൂയിസുകളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുക. പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിൽ മുന്ന്‌ ക്രൂയിസുകളുടെ നടത്തിപ്പിനായി സ്വദേശി ദർശൻ സ്കീമിലുൾപ്പെടുത്തി കേന്ദ്രഗവൺമെന്റ് 83.34 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. വളപട്ടണം പുഴയിൽനിന്നാരംഭിച്ച് പറശ്ശിനിക്കടവ്-മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള (41.48-കോടി രൂപ) പദ്ധതി, വളപട്ടണത്തുനിന്ന്‌ തെക്കുമ്പാട് വഴി പഴയങ്ങാടിവരെയുള്ള തെയ്യം ക്രൂയിസ് (19.53 കോടി രൂപ), പഴയങ്ങാടിയിൽ തുടങ്ങി കുപ്പം വരെയുള്ള കണ്ടൽ ക്രൂയിസ് (18.84 കോടി രൂപ) എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.