Kerala

ഇത്തിരികുഞ്ഞനല്ല ഇവനാണ് നമ്പര്‍ 522

കാടുകളുടെ സമ്പത്താല്‍ സമൃദമാണ് നമ്മുടെ കൊച്ചു കേരളം. നമ്മുടെ കാടുകളില് അപൂര്‍വയിനം സാന്നിധ്യമറിയിച്ച് ബ്ലൂ ആന്റ് വൈറ്റ് ഫ്‌ളൈക്യാച്ചര്‍. സംസ്ഥാനത്തെ 522ാമത്തെ പക്ഷിയിനാമണ് ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷിനിരീക്ഷണ രംഗത്തെ ആഗോള ജനകീയ വെബ്‌സൈറ്റായ ഇ-ബേഡിലൂടെയാണ് പക്ഷിയെ സ്ഥിരീകരിച്ചത്.

നെല്ലിയാമ്പതിക്കുള്ള വഴിയില്‍ പോത്തുണ്ടി ഡാമിനു സമീപം മലയോര വഴിയില്‍ 2017 ഫെബ്രുവരി അഞ്ചിനാണ് പക്ഷിയെ കണ്ടത്. പൊന്നാനി മാറാഞ്ചേരി സ്വദേശിയും ഫിസിഷ്യനുമായ തെക്കേത്തല ഡോ.ടി.ഐ.മാത്യുവാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇ-ബേഡില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

ഇ-ബേഡ് ചെക്ക് ലിസ്റ്റ് പരിശോധനയില്‍ സിംഗപ്പൂരില്‍ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനും ഇ-ബേഡ് വിദഗ്ധാംഗവുമായ ഡിംഗ് ലി യങ് ആണ് പക്ഷിയെ സ്ഥിരീകരിച്ച് വിവരങ്ങള്‍ നല്‍കിയത്. Cyanoptila Cyanomelana എന്നാണു ശാസ്ത്രനാമം. കരിമാറന്‍ ഈച്ചപിടിയന്‍, വെണ്‍നീലി ഈച്ചപിടിയന്‍ എന്നീ നാമങ്ങളാണ് ഇ-ബേഡ് കേരളഘടകം അംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായില്ല.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു ദേശാടനം നടത്തുന്നവയാണ് ഇവ. ജപ്പാന്‍, വടക്കന്‍ ചൈന എന്നിവിടങ്ങളില്‍നിന്നു ശൈത്യകാലത്തു മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ദേശാടനം. പശ്ചിമഘട്ടം വഴിയാണു മടക്കയാത്ര.

2012ല്‍ ഇന്ത്യയില്‍ ആദ്യമായി മഹാരാഷ്ട്രയിലാണു സാന്നിധ്യം കണ്ടത്. പിന്നീടു കര്‍ണാടകയിലും തമിഴ്‌നാട്ടിലും എത്തി. സിറ്റിസണ്‍ സയന്‍സ് രംഗത്തെ ജനകീയ വെബ്‌സൈറ്റായ ഇ-ബേഡില്‍ 1300ല്‍ അധികം പക്ഷികളുടെ രണ്ടു ലക്ഷത്തിലേറെ ചിത്രങ്ങളും ശബ്ദങ്ങളും ശേഖരിക്കപ്പെട്ടിട്ടുണ്ട്.