നിസാന്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബ് ധാരണാപത്രം ഒപ്പു വെച്ചു; കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ആഗോള വാഹനനിര്‍മാതാക്കളായ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന് സ്ഥലം വിട്ടുനല്‍കുന്നതിനുള്ള ധാരണപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരം ഹോട്ടല്‍ ഹില്‍ഡന്‍ ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടത്തിനായുള്ള 30 ഏക്കര്‍ ഭൂമി വിട്ടു നല്‍കുന്നതിനുള്ള ധാരണപത്രമാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാർ ലക്ഷ്യം, സ്ഥാപനത്തിന് വേണ്ട എല്ലാ സൗകര്യവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കും. കേരളത്തിന്റെ വ്യവസായ അനുകൂല അന്തരീക്ഷം തിരിച്ചറിഞ്ഞ് വ്യവസായ പ്രമുഖര്‍ കേരളത്തിലെത്തുന്നത് ആശാവഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക്, ഓട്ടോമേറ്റഡ് വാഹനങ്ങള്‍ക്കുള്ള ഗവേഷണവും സാങ്കേതികവികസനവുമാണ് നിസാന്‍ ഡിജിറ്റല്‍ ഹബ്ബില്‍ നടക്കുക. നിസാന്‍, റെനോള്‍ട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കു വേണ്ടിയാണ് ഫ്രാങ്കോ ജപ്പാന്‍ സഹകരണസംഘമായ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിക്കുന്നത്.

ക്യാംപസിന്റെ നിര്‍മാണം പൂര്‍ത്തിയാകുംവരെ ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ 25,000 ചതുരശ്രയടിയിലും കോഡവലപ്പര്‍ ക്യാംപസിലുമായി ഡിജിറ്റല്‍ ഹബ് പ്രവര്‍ത്തിക്കും. തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ സ്ഥാപിക്കുന്ന നിസാന്‍ ഡിജിറ്റല്‍ ടെക്‌നോളജി ഹബ് മൂന്നു വര്‍ഷത്തിനകം 3000 ഹൈടെക് സാങ്കേതിക തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപെടുമെന്നു കരുതുന്നു.