ലക്ഷദ്വീപ് ടൂറിസ്റ്റുകൾക്കായി തുറന്നു കൊടുക്കുന്നു; മാലെദ്വീപിനെയും സീഷെൽസിനെയും വെല്ലും

മാലദ്വീപിനെയും മൗറീഷ്യസിനെയും സീഷെൽസിനെയുമൊക്കെ വെല്ലാൻ ലക്ഷദ്വീപ് ഒരുങ്ങുന്നു. നിയന്ത്രണങ്ങൾ നീക്കി ലക്ഷദ്വീപ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലക്ഷദ്വീപ് ഒന്നാകെ സഞ്ചാരികൾക്കായി തുറക്കുന്നതോടെ ടൂറിസം രംഗത്തു വലിയ മാറ്റങ്ങളാകും വരാൻ പോവുക.

12 ദ്വീപുകളാണ് വിനോദ സഞ്ചാരികള്‍ക്കായി ലക്ഷദ്വീപ് ഭരണകൂടം തുറന്ന് കൊടുക്കുന്നത്. മിനിക്കോയി, ബംഗാരം,, സുഹേലി, ചെറിയം, തിനക്കര, കല്‍പ്പേനി, കഡ്മത്, അഗത്തി , ചെത്ലത്ത്, ബിത്ര എന്നീ തീരങ്ങളാണ് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നത്.

പാരിസ്ഥിതിക ലോല പ്രദേശമായതിനാൽ അതിന് കോട്ടം തട്ടാത്ത രീതിയായിരിക്കും പദ്ധതിയില്‍ അവലംബിക്കുകയെന്നും ലക്ഷദ്വീപ് ടൂറിസം ഡയറക്ടര്‍ ബല്‍റാം മീന വ്യക്തമാക്കി. ടൂറിസത്തിന് വേണ്ടി മാത്രമുള്ള ഉദ്യമമല്ല ഇത്. ലക്ഷദ്വീപ് തീരവാസികള്‍ക്ക് തൊഴിലവസരത്തിനും പദ്ധതി ഉതകുമെന്ന് ബല്‍റാം മീന ചൂണ്ടിക്കാട്ടി.


നിക്ഷേപങ്ങൾക്ക് കൂടി അവസരമൊരുക്കലാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ റിസോർട്ടുകൾ, സ്‌കൂബ ഡൈവിംഗ് കേന്ദ്രങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിക്ഷേപകർക്ക് തുറന്നു നൽകുക. ഓരോ ദ്വീപിനെക്കുറിച്ചും വിശദമായി പഠിച്ചും എത്ര ടൂറിസ്റ്റുകളെ ഉൾക്കൊള്ളാനാവും എന്നതൊക്കെ കണക്കിലെടുത്താകും അനുമതി.

സുഹേലി, മിനിക്കോയ്, കട്മത്‌ ദ്വീപുകളിലായി 300 കോടിയുടെ പൊതു സ്വകാര്യ നിക്ഷേപത്തിന് അനുമതിയായിട്ടുണ്ട്.