Special

ആനത്തലയോളം സ്നേഹം .. ആനവണ്ടിയുടെ സ്നേഹ ഗാഥകൾ…

Image result for kerala transport bus

കെഎസ്ആർടിസി എന്നാൽ യാത്രക്കാരെ കണ്ടാൽ അവരെ കയറ്റാതെ ചീറിപ്പാഞ്ഞ വാഹനം, വെള്ളാന വണ്ടി എന്നൊക്കെ ജനങ്ങൾ ആക്ഷേപിച്ച കാലം മാറുന്നു. ആനവണ്ടി ഇന്ന് ആനയോളം വലുപ്പമുള്ള സ്നേഹത്തിന്റെ പ്രതീകമാണ്. സ്ഥിരമായി യാത്ര ചെയ്ത ചങ്കു വണ്ടിയെ മറ്റൊരു ഡിപ്പോയിലേക്കു മാറ്റുന്നതിനെതിരെ ട്രാൻസ്‌പോർട് അധികൃതരോടുള്ള പെൺകുട്ടിയുടെ പരാതി സോഷ്യൽ മീഡിയയിൽ വൈറലായത് അടുത്തിടെയായിരുന്നു. ഇതേതുടർന്ന് എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ആ വണ്ടിയെ വീണ്ടും പഴയ ഡിപ്പോയിലയച്ചതും ചങ്കുവണ്ടി എന്ന് പേരിട്ടിട്ടും ഏറെ നാളായില്ല. ഒറ്റപ്പെട്ട ചില മോശത്തരങ്ങൾ ചില ജീവനക്കാരിൽ നിന്ന് ഇപ്പോഴും തുടരുന്നെങ്കിലും ആനവണ്ടി ആളാകെ മാറിയിട്ടുണ്ട്. ജനങ്ങൾ എന്ന പാപ്പാന് മുന്നിൽ അനുസരണയുള്ള കൊമ്പനായി മാറുകയാണ് കെഎസ് ആർടിസി. എംഡി മുതൽ ജീവനക്കാർ വരെ ഇപ്പോൾ നല്ലതേ കേൾപ്പിക്കുന്നുള്ളൂ. അത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിൽ നേരത്തെ മുതൽ സജീവമാണ് ആലപ്പുഴയിലെ കണ്ടക്ടർ ഷെഫീഖ് ഇബ്രാഹിം. കടുത്ത ആനവണ്ടി പ്രേമിയും ലഹരി വിരുദ്ധ പ്രവർത്തകനുമായ ഷെഫീഖ് ഇബ്രാഹിം കെഎസ്ആർടിസി ജീവനക്കാരുടെ നല്ല ചില വാർത്തകൾ പങ്കുവെയ്ക്കുന്നു. ഷെഫീഖിന്റെ ഫേസ്‌ബുക്കിൽ നിന്നും..

ഷെഫീഖ് ഇബ്രാഹിം

രമ്യ ഡബിള്‍ ബെല്ലടിച്ചു, പരിക്കേറ്റയാളുമായി കാഷ്വലാറ്റിയിലേക്ക് ഒരു ബസ് സര്‍വീസ്!!

നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് വന്ന് സഡന്‍ ബ്രേക്കിട്ടു നിന്നപ്പോള്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസോ?

കാലില്‍ നിന്ന് രക്തമൊലിക്കുന്ന നിലയില്‍ ഒരാളെ ഡ്രൈവറും വനിതാ കണ്ടക്ടറും സഹയാത്രക്കാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലേക്ക് താങ്ങിയെടുത്തപ്പോഴാണ് കാര്യമറിഞ്ഞത്. കൊട്ടിയത്തിനു സമീപം, ഹൈവേയില്‍ റോംഗ്‌സൈഡിലൂടെ പാഞ്ഞുവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച ബസില്‍ തെറിച്ചുവീണ് പരിക്കേറ്റയാളുമായി, മുഴുവന്‍ യാത്രക്കാരും സഹിതം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്കു വന്നതായിരുന്നു ബസ്!

Image may contain: 2 people, outdoor

രമ്യയും പ്രസന്നനും

പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ടാല്‍ ട്രിപ്പ് മുടങ്ങുമെന്ന ആശങ്കയൊന്നുമില്ലാതെ, മനോധൈര്യത്തോടെ എല്ലാറ്റിനും മുന്നില്‍ നിന്നത് മാവേലിക്കര ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ആര്‍എസ്  രമ്യയാണ്. ബസിനുള്ളില്‍ തെറിച്ചു വീണ് കാലിലെ തള്ളവിരലിന്റെ നഖം ഊരിപ്പോയ യാത്രക്കാരന് കാഷ്വാലിറ്റിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിത്തീരും വരെ ഡ്രൈവര്‍ പ്രസന്നനും ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കാത്തുനിന്നു. ഒടുവില്‍, ആ യാത്രക്കാരനെയും കൊണ്ടുതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഡബില്‍ ബെല്ലടിക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി രമ്യയുണ്ടായിരുന്നു, ഫുട്‌ബോര്‍ഡില്‍.

കൊല്ലത്തു നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടതായിരുന്നു മാവേലിക്കര ഡിപ്പോയിലെ RPC 623 നമ്പര്‍ ബസ്. കൊട്ടിയത്തിനു സമീപം എത്തിയപ്പോള്‍ ഓവര്‍സ്പീഡില്‍, റോംഗ് സൈഡ് കയറി ഒരു ഓട്ടോറിക്ഷ. ഓട്ടോയെ രക്ഷിക്കാന്‍ ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയേ ഡ്രൈവര്‍ പ്രസന്നന് വഴിയുണ്ടായിരുന്നുള്ളൂ. കൂട്ടനിലവിളികള്‍ക്കിടെ ബസിന്റെ പിന്‍ഭാഗത്തു നിന്ന് പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തില്‍ ആറ്റിങ്ങല്‍ സ്വദേശി ദേവരാജനാണ് ബസിനുള്ളില്‍ മധ്യഭാഗത്തോളം തെറിച്ച് മുട്ടിടിച്ച് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ദേവരാജന്റെ പെരുവിരലിന്റെ നഖം ഊരിപ്പോയിരുന്നു.

ബഹളത്തിനിടയില്‍ മനസ്സാന്നിധ്യം കൈവിടാതെ, പരിക്കേറ്റ ദേവരാജനെ അതേ ബസില്‍ത്തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനമെടുത്തത് രമ്യയാണ്. കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പ്രസന്നന് ഒപ്പം യാത്രക്കാരും സഹകരിച്ചു. ട്രിപ്പ് മുടങ്ങുമോ, നടപടി ഉണ്ടാകുമോ എന്നൊന്നും ആ സമയത്ത് രമ്യ ആലോചിച്ചില്ല. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതു മാത്രമായിരുന്നു മനസ്സില്‍. എട്ടു വര്‍ഷം മുമ്പാണ് പി.എസ്.സി നിയമനം വഴി ആര്‍.എസ്. രമ്യ കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ ആയത്. ഇക്കാലത്തിനിടെ ഡ്യൂട്ടിക്കിടെ രമ്യയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യം. അടിയന്തര ശുശ്രൂഷകള്‍ക്കു ശേഷം ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോള്‍, ഡ്രൈവര്‍ പ്രസന്നന്റെയും മുഴുവന്‍ യാത്രക്കാരുടെയും മുഖത്തുമുണ്ടായിരുന്നു, നന്മയുടെ വെളിച്ചമുള്ള ഒരു പുഞ്ചിരി.

രാവിലത്തെ ട്രിപ്പിൽ ഇതേ ബസ്സിൽ മറ്റൊരു സംഭവം കൂടി ഉണ്ടായി. മാവേലിക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് പോയ ഈ ബസ്സിൽ (RPC623) കൊട്ടിയത് നിന്നും കയറിയ യാത്രക്കാരുടെ കുട്ടിക്ക് സുഖമില്ലായിരുന്നു, അവർക്ക് എത്രയും വേഗം തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ എത്തിയെ മതിയാകൂ, അസുഖത്തിന്റെ ഗൗരവം കണക്കിലെടുത്തു ലൈറ്റ് ഇട്ട് ഡ്രൈവർ പ്രസ്സനൻ ബസ് പറപ്പിച്ചു. പെട്ടന്ന് എത്തുവാൻ വേണ്ടി ഒരു വണ്ടി പിടിച്ചു അതിൽ വിടാം എന്ന് കണ്ടക്ടർ രമ്യ അവരോട് പറഞ്ഞു, സാമ്പത്തികം ഇല്ലാത്തതിനാൽ അവർ അത് നിരസിച്ചു പൈസ ഞങ്ങൾ നൽകാം എന്ന് ജീവനക്കാർ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല, റോഡിലെ തിരക്കും മറ്റും കണ്ട് കണ്ടക്ടർ രമ്യ സമയോചിതമായ ഇടപെടൽ നടത്തി കണിയാപുരം ഡിപ്പോയിലെ ഇൻസ്‌പെക്ടറെ അറിയിക്കുകയും തുടർന്ന് അവിടെ നിന്നും അവരെ 108 ആബുലൻസിൽ കയറ്റി വിടുകയും ചെയ്തു.

Image may contain: 1 person, sitting and child

നിലത്തിരുന്ന വനിതാ കണ്ടക്ടർ

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വോൾവോ ബസ്സിൽ ഒരു കുഞ്ഞുമായി നിന്ന സ്ത്രീക്ക് വനിതാകണ്ടക്ടര്‍ സീറ്റ് ഒഴിഞ്ഞു കൊടുത്ത് നിലത്ത് ഇരിക്കുന്ന ചിത്രം അടുത്തിടെ ഷെഫീഖ് പങ്കുവെച്ചിരുന്നു. ബസിലെ യാത്രക്കാരൻ എടുത്ത ചിത്രമാണ്. കണ്ടക്ടർ ആദ്യം സ്വന്തം സീറ്റ് വൃദ്ധന് ഒഴിഞ്ഞു കൊടുത്തശേഷം മുന്നിലെ ഒഴിവുള്ള സീറ്റിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അമ്മയും കുഞ്ഞും കയറിയത്.

Image may contain: 2 people, outdoor

ബൈജുവും ഗിരീഷും

ഒരു ജീവന് വേണ്ടി ബസ് തിരികെ ഓടി

ഈ മാസം മൂന്നാം തീയതിയാണ് ഡോ. കവിത വാര്യര്‍ എറണാകുളം-ബാഗ്ലൂര്‍ വോള്‍വോയില്‍ തൃശൂര്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത് .

ബസിലെ ജീവനക്കാരന്‍ ആയ ബൈജു വാലകത്തില്‍ പറയുന്നതിങ്ങനെ.. നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന്‍ മുന്നിലേക്ക് വന്ന് സാര്‍ താക്കോല്‍ ഉണ്ടോ എന്ന് ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരു കുട്ടിക്ക് ചുഴലി ആണത്രെ
ഞാന്‍ താക്കോല്‍ നല്‍കി. കുറച്ചു നേരം കഴിഞ്ഞ് രണ്ടു പേര്‍ വന്നിട്ട് പറഞ്ഞു ചേട്ടാ ഒരു കുറവും ഇല്ല ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവേണ്ടി വരും യാത്രക്കാരും ഒന്നായ് പറഞ്ഞു .അതെ അതാണ് വേണ്ടത്.
അപ്പോഴേക്കും ഞങ്ങള്‍ ഹൊസൂരെത്തിയിരുന്നു ബസ് തിരിച്ചു നേരെ ഹെെവേക്ക് തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക് വിട്ടു.

ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത ശേഷം ബാഗ്ലൂര്‍ എെ സി യെ വിവരം അറിയിച്ചു. വേണ്ടകാര്യങ്ങള്‍ ചെയ്ത ശേഷം എത്തിയാല്‍ മതി എന്ന നിര്‍ദ്ദേശം ലഭിച്ചു. തൃശൂര്‍ ഡിപ്പോയിലെ ബെന്നി സാറിനെ ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ പറഞ്ഞു
സാര്‍ ഇവിടെ അഡ്മിറ്റ് ചെയ്യണമെങ്കില്‍ അഡ്മിഷന്‍ ഡെപ്പോസിറ്റ് കെട്ടി വയ്ക്കണം. അതൊന്നും ഇപ്പോള്‍ നോക്കണ്ടാ ക്യാഷ് കെട്ടി വയ്ക്ക് എന്ന് പറഞ്ഞു . ബാക്കി നമ്മുക്ക് പിന്നീട് നോക്കാം ഒരു ജീവന്‍റെ കാര്യം അല്ലെ ..!

ഡോക്ടര്‍ സീരിയസ് ആയ നിലയില്‍ ആയതിനാല്‍ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു ഒരാള്‍ ഇവിടെ നില്‍ക്കണം എന്ന് എങ്കില്‍ മാത്രമേ ട്രീറ്റ്മെന്‍റ് നടപടികളുമായി മുന്നോട്ട് പോകൂ എന്നും ഹോസ്പ്പിറ്റലിന് റിസ്ക്ക് എടുക്കാന്‍ പറ്റില്ല .

ആരും തന്നെ അതിന് തയ്യാറാകാതെ വന്നപ്പോള്‍ ബെെജു പറഞ്ഞു ആരെങ്കിലും എത്തും വരെ ഞാന്‍ നില്‍ക്കാം. കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അന്വഷിച്ചപ്പോള്‍ നിങ്ങള്‍ ഒരാള്‍ക്ക് ബസ് ഓടിച്ച് ബാഗ്ലൂര്‍ പോകാമെങ്കില്‍ ഒരാള്‍ ഹോസ്പിറ്റലില്‍ നില്‍ക്കൂ മറ്റൊരാള്‍ യാത്രക്കാരും ആയി യാത്ര തുടരൂ എന്ന നിര്‍ദേശം നല്‍കി..!

അങ്ങനെ ബെെജു ഹോസ്പിറ്റലില്‍ നിന്നു
ബസിലെ മറ്റു യാത്രക്കാരും ആയി ഗിരീഷ് ബാഗ്ലൂരേക്ക് പുറപ്പെട്ടു .

രാവിലെ 09:00 മണി ആയപ്പോഴേക്കും കവിത ഡോക്ടറുടെ ബന്ധുക്കള്‍ എത്തി ഡിസ്ചാര്‍ജ് വാങ്ങി മറ്റൊരു ഹോസ്പിറ്റലിലേക്ക് പോയി എന്നെ അവര്‍ ഹൊസുര്‍ റെയില്‍വേ സ്േറ്റഷനില്‍ ഡ്രോപ്പ് ചെയ്തു ഞാന്‍ അവിടുന്ന് ട്രെയിന്‍ കയറി ബസ് പാര്‍ക്ക് ചെയ്യുന്ന ബാഗ്ലൂര്‍ പീനിയയിലേക്ക് പുറപ്പെട്ടു….!

ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ അടുത്തിടെ ആന വണ്ടികളിൽ നിന്നും കേട്ടു. നല്ല ശമരിയാക്കാരായി മാറുന്ന ജീവനക്കാരുടെ കഥകൾ. ഷെഫീഖ് ഇബ്രാഹിമിന്റെ ഫേസ്ബുക്കിൽ ആനവണ്ടി പുരാണം തുടരുകയാണ്