Interview

കേരളം മനോഹരമെന്ന് നേപ്പാള്‍ സ്ഥാനപതി; ഇനിയും വരുമെന്ന് വാഗ്ദാനം

കേരളം വിസ്മയിപ്പിച്ചെന്നു ഇന്ത്യയിലെ നേപ്പാള്‍ സ്ഥാനപതി ഭരത് കുമാര്‍ രഗ്നി. വിമാനത്തില്‍ ഇരുന്ന് കേരളം കണ്ടപ്പോഴേ ഹരിത ഭംഗിയില്‍ മനസ്സ് നിറഞ്ഞു- ആദ്യമായി കേരള സന്ദര്‍ശനം നടത്തിയ നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. നേപ്പാളും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. ഇവിടെ പച്ചക്കുന്നുകള്‍ എങ്കില്‍ നേപ്പാളില്‍ മഞ്ഞു പുതച്ച മനോഹരമായ ഹിമാലയന്‍ മലനിരകള്‍ കാണാം. ഇവിടെ ഉയരത്തില്‍ തെങ്ങുകള്‍ കാണാം. അവിടെ പൈന്‍ വൃക്ഷങ്ങളും. ഭരത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട നേപ്പാള്‍ സ്ഥാനപതി വ്യവസായികളുടെ സംഘടനയായ ഫിക്കിയുടെ സെമിനാറിലും പങ്കെടുത്തു.

? മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിക്കാമോ
= പലകാര്യങ്ങളിലും കേരളത്തിന്‍റെ മികവു പങ്കുവെയ്ക്കാന്‍ സന്നദ്ധനാണെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.ആയുര്‍വേദ, ഹെര്‍ബല്‍ ടൂറിസം മേഖലകളില്‍ കേരളവുമായി സഹകരിക്കും.നേപ്പാളിലെ പ്രാദേശിക തലങ്ങളില്‍ കേരള മോഡല്‍ നടപ്പാക്കുന്ന കാര്യത്തിനു വിദഗ്ധരെ അയയ്ക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. നേപ്പാള്‍ സന്ദര്‍ശിക്കാമെന്നും അദ്ദേഹം വാക്ക് നല്‍കിയിട്ടുണ്ട്.

? കേരളത്തെക്കുറിച്ച്..

= മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ എങ്ങും പോകാനായില്ല. പക്ഷെ കേരളം മനോഹരമാണ്. ഇനിയും ഇവിടേയ്ക്ക് വരും- കേരളം കാണാന്‍.

? സന്ദര്‍ശനോദ്ദേശം എന്തായിരുന്നു

 = നേപ്പാളിലേക്ക് നിക്ഷേപം ആകര്‍ഷിക്കലാണ് ലക്‌ഷ്യം. നിക്ഷേപത്തിന് വേണ്ടത് ഉറച്ച ഭരണമാണ്. നിര്‍ഭാഗ്യവശാല്‍ നേപ്പാളില്‍ ഇതുവരെ അതുണ്ടായില്ല. എന്നാല്‍ ബാലാരിഷ്ടതകള്‍ കടന്ന് നേപ്പാളിലെ ജനാധിപത്യം ഇന്ന് ശക്തി പ്രാപിച്ചിരിക്കുന്നു. ഉറച്ച ഭരണമാണ് നേപ്പാളില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ട്.

(ടൂറിസം രംഗത്ത്‌ നേപ്പാളില്‍ നിന്ന് കാര്യമായ എണ്ണം സന്ദര്‍ശകര്‍ കേരളത്തിലെത്തുന്നില്ല. പോയ വര്‍ഷം വന്നത് 2400 പേരാണ്. എന്നാല്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ സ്ഥാനപതി കേരള സഞ്ചാരികളെ ക്ഷണിച്ചിട്ടുണ്ട്. പാസ്പോര്‍ട്ടോ വിസയോ വേണ്ട എന്നതാണ് നേപ്പാളില്‍ പോകാന്‍ അനുകൂല ഘടകങ്ങളില്‍ പ്രധാനം. )