Kerala

ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്

ജടായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം  ആഗസ്റ്റ് 17  നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിംഗിനുള്ള അനുമതികള്‍ ലഭിച്ചതായി ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകാത്തത് കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് മാറ്റിയത്.

ജടായു എര്‍ത്ത്‌സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത്‌സ് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബി.ഒ.ടി (ബില്‍ഡ്-ഓപ്പറേഷന്‍-ട്രാന്‍സ്ഫര്‍)സംരംഭമാണ്. കേരള ടൂറിസം വകുപ്പിനും, കേരളത്തിനുമാകെ അഭിമാനം നല്‍കുന്ന ജടായു പദ്ധതിയിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു പുതിയ ടൂറിസം കേന്ദ്രമാണ് രാജ്യത്ത് നിലവില്‍ വരുന്നത്.

സാംസ്‌കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കലാവിരുന്നുകള്‍ ജടായു ശില്‍പ്പത്തിന് സമീപം ഒരുക്കുന്നത് സാംസ്‌കാരിക ടൂറിസത്തിനുള്ള സാധ്യതകളും വര്‍ധിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പത്തെ മുന്‍നിര്‍ത്തി അന്താരാഷ്ട്ര നിലവാരത്തോടെ കേരള ടൂറിസം അവതരിപ്പിക്കുന്ന ജടായു എര്‍ത്ത്‌സ് സെന്റര്‍ നമ്മുടെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴിക കല്ലാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേബിള്‍ കാര്‍ യാത്രയ്ക്കു് 250 രൂപയും, പ്രവേശന ഫീസായി 150 രൂപയും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപ വീതമാണ് നിശ്ചിത കാലത്തേക്ക് ജടായു എര്‍ത്ത്‌സ് സെന്ററില്‍ ഈടാക്കുക.