അധികാരികൾ ഉന്നതങ്ങളിൽ; സ്വയം വിമർശനമുന്നയിച്ചു ടൂറിസം ഡയറക്ടർ
ഭിന്നശേഷി സൗഹൃദത്തെക്കുറിച്ചു പലരും പറയാറുണ്ട്. എന്നാൽ നമ്മുടെ എല്ലാ ഇടങ്ങളും ഭിന്നശേഷി സൗഹൃദപരമാണോ. ലോകത്തെങ്ങും അങ്ങനെയല്ല എന്നതാണ് അനുഭവം. പറയുന്നത് ടൂറിസം ഡയറക്ടർ പി ബാലകിരൺ.
കേരളത്തിൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്നത് താഴത്തെ നിലയിലല്ല.അതിനു പല കാരണമുണ്ടാകാം. ഒരേ ഒരു കളക്ടർ മാത്രമാണ് താഴത്തെ നിലയിൽ ജോലി ചെയ്യുന്നത്. മലപ്പുറത്തെ കളക്ടർ മാത്രം. അതിനു കാരണമാകട്ടെ മലപ്പുറം കലക്ട്രറേറ്റിന് ഒറ്റ നില മാത്രമേയുള്ളൂ എന്നതിനാലാണ്.
പരസഹായമില്ലാതെ സ്വാഭിമാനത്തോടെ ഒരാൾക്ക് എവിടെയും കയറിച്ചെല്ലാനാവുക എന്നതാണ് ഭിന്നശേഷി സൗഹൃദ ഇടങ്ങൾ ലക്ഷ്യമാക്കുന്നതെന്നും തിരുവനന്തപുരത്ത് ബാരിയർ ഫ്രീ കേരള ടൂറിസം ഉദ്ഘാടന പരിപാടിയിൽ ബാലകിരൺ പറഞ്ഞു. കണ്ണൂർ കളക്ടർ ആയിരിക്കെ താൻ നടപ്പാക്കിയ ഭിന്നശേഷി സൗഹൃദ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ നീതി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും ആ പ്രവർത്തനങ്ങളെ അംഗീകരിച്ച കാര്യവും ടൂറിസം ഡയറക്ടർ ചൂണ്ടിക്കാട്ടി.
ബജറ്റ് ഹോട്ടലുകളും ഭിന്നശേഷി സൗഹൃദമാക്കണം
സംസ്ഥാനത്തെ ഹോട്ടലുകളും റിസോർട്ടുകളും ഭിന്നശേഷി സൗഹൃദമാക്കണമെന്നു ഉത്തരവാദിത്വ ടൂറിസം മിഷൻ കോ- ഓർഡിനേറ്റർ രൂപേഷ് കുമാർ. വൻകിട ഹോട്ടലുകളിൽ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിലെ നിബന്ധനകൾ പ്രകാരം ഭിന്നശേഷി സൗഹൃദപരമാണ്. എന്നാൽ ബജറ്റ് ഹോട്ടലുകളിലും ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ വേണ്ടേ എന്നത് ചർച്ച ചെയ്യണം.
ഹോസ്പിറ്റാലിറ്റി രംഗത്തെ സ്ഥാപനങ്ങളിൽ നിയമനം നടത്തുമ്പോൾ ഭിന്നശേഷിക്കാരെ സഹായിക്കാൻ കഴിയുന്നവരെകൂടി നിയമിക്കണം. ഭിന്നശേഷി സൗഹൃദം എന്നാൽ വീൽ ചെയർ സൗകര്യം ഒരുക്കൽ മാത്രമല്ല.
ലോകത്താകെ പ്രതിവർഷം അമ്പത് ലക്ഷം ഭിന്നശേഷിക്കാർ വിനോദ സഞ്ചാരം നടത്തുന്നുണ്ട്. തിരക്കൊഴിഞ്ഞ ഓഫ് സീസണിലാണ് ഇവരുടെ യാത്ര. ഇവർക്ക് സൗകര്യമൊരുക്കിയാൽ ഭിന്നശേഷിക്കാർ വിനോദസഞ്ചാരത്തിനു കേരളം തെരഞ്ഞെടുക്കുമെന്നും രൂപേഷ്കുമാർ പറഞ്ഞു