News

പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം

മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള ടൂറിസം വികസനമാണ് കേരളത്തിന്റേത്. റാമ്പുകൾ, ശ്രവണ സഹായികൾ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ എന്നിവ ഓരോ കേന്ദ്രത്തിലും വേണം. ഓരോ ഇടങ്ങൾക്കും താമസ സ്ഥലങ്ങൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസിഫിക്കേഷൻ നടപ്പാക്കും. ഓരോ ഇടങ്ങളിലും നടപ്പാകേണ്ടവ സംബന്ധിച്ച് ഉത്തരവാദിത്വ ടൂറിസം മിഷൻ ഓഡിററിംഗ് നടത്തണം.

സംസ്ഥാനത്തെ ടൂറിസം മേഖലയിലെ പുതിയ പദ്ധതികൾ ഉത്തരവാദിത്വ ടൂറിസം നയത്തിന്റെ അടിസ്‌ഥാനത്തിലേ നടപ്പാക്കൂ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ലോക മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

എല്ലാവർക്കും ടൂറിസം മേഖല പ്രാപ്യമാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷയായിരുന്ന ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. ഹൃസ്വകാലത്തേക്കല്ല ദീർഘകാല പദ്ധതിയാണ് ഭിന്നശേഷി സൗഹൃദ ടൂറിസം രംഗത്തു വേണ്ടതെന്നും കേരളം ഇക്കാര്യത്തിൽ മാതൃകയാണെന്നും ആശംസ അർപ്പിച്ച് അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാർ പറഞ്ഞു.യോഗാ അംബാസഡർ ടൂറിനു ടൂറിസം മേഖലയിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും അനീഷ് കൂട്ടിച്ചേർത്തു. ടൂറിസം ഡയറക്ടർ പി ബാലകിരൺ, ഉത്തരവാദിത്വ ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, കെ ജി മോഹൻലാൽ, ഇഎം നജീബ്, ബേബിമാത്യു സോമതീരം,രവിശങ്കർ, മനേഷ് ഭാസ്കർ എന്നിവരും സംസാരിച്ചു.

എന്താണ് ബാരിയർ ഫ്രീ ടൂറിസം

ഭിന്നശേഷിക്കാരുടെ ടൂറിസം സങ്കൽപ്പങ്ങൾക്ക് ചിറകു വിരിക്കാനായി നടപ്പാക്കിയതാണ് ബാരിയർ ഫ്രീ ടൂറിസം.പരിധിയില്ലാത്ത സ്വപ്‌നങ്ങൾ, പരിമിതിയില്ലാത്ത യാത്രകൾ എന്ന് പറയാം.കേരളത്തിലെത്തുന്ന സഞ്ചാരികളിൽ ശാരീരികാവശതകൾ നേരിടുന്നവർക്കും വയോജനങ്ങൾക്കും ക്ലേശമില്ലാതെ അവസരം ഒരുക്കുകയാണ് ലക്‌ഷ്യം.