India

രാജ്യത്തിനി എവിടെ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം

രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. രാജ്യത്ത് ഏത് പാസ്‌പോര്‍ട്ട് ഓഫിസിലും പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും ഇനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം.

നിലവില്‍ സ്ഥിര മേല്‍വിലാസ പരിധിയിലെ പാസ്‌പോര്‍ട്ട് ഓഫിസ് വഴിയാണ് പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാവുന്നത്. ഇതു മാറ്റി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാവുന്ന വിധത്തിലാണ് ഭേദഗതി. സ്ഥിര വിലാസത്തിനൊപ്പം താത്കാലിക വിലാസം നല്‍കിയാല്‍ ഇത്തരത്തില്‍ അപേക്ഷ നല്‍കാം.

പാസ്‌പോര്‍ട്ട് സേവാ ആപ്പ് വഴിയും രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അപേക്ഷയില്‍ നല്‍കുന്ന വിലാസത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തും. ഇതേ വിലാസത്തില്‍ തന്നെ തപാല്‍ വഴി പാസ്‌പോര്‍ട്ട് എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.