News

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് വേണ്ട

പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി വകുപ്പ് തലത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

പാസ്പോര്‍ട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അപമാനിക്കുകയും മതംമാറിവരാന്‍ ആവശ്യപ്പെടുകയും ചെയ്ത സംഭവം വിവാദം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ 19ന് പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ദമ്പതികളായ തന്‍വി സേത്ത്, മുഹമദ് അനസ് സിദ്ദിഖി എന്നിവര്‍ക്കാണ് ലഖ്‌നൗവിലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ കടുത്ത അവഹേളനം നേരിട്ടത്. മുസ്ലിമിനെ വിവാഹം ചെയ്തിട്ടും പേര് മാറ്റാത്ത യുവതിയോട് പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ വികാസ് മിശ്ര തട്ടിക്കയറി. പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ മതംമാറിയിട്ടുവരാന്‍ ഇയാള്‍ അനസ് സിദ്ദിഖിയോട് ആവശ്യപ്പെട്ടു. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയായി 12 വര്‍ഷത്തിനുള്ളില്‍ ഇത്രയും മോശപ്പെട്ട അനുഭവം ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി സുഷ്മ സ്വരാജിന് പരാതി നല്‍കിയിരുന്നു.

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍മേഖലയില്‍ പുതിയ പാസ്പോര്‍ട്ട് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി അറിയിച്ചു. തങ്ങള്‍ പ്രഖ്യാപിച്ച 251 പുതിയ പാസ്‌പോര്‍ട്ട് രജിസ്ട്രേഷന്‍ സെന്ററുകളില്‍ 212 എണ്ണം ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.