Kerala

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം.

തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക.

ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. നടന്നു കയറാന്‍ മടിയുള്ളവര്‍ക്ക് മുമ്പില്‍ മറ്റൊരു വഴികൂടിയുണ്ട്. ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയില്‍ നിന്നും മേത്തൊട്ടി റോഡിലേക്ക് 250 മീറ്റര്‍കൂടി മുന്നോട്ടേക്ക് നടക്കുക. അവിടെ നിന്നും വലതു ഭാഗത്തുള്ള പറമ്പിലൂടെ 300 മീറ്ററോളം നടന്നാല്‍ വെള്ളച്ചാട്ടത്തിന്റെ മധ്യത്തിലുള്ള വ്യൂപോയിന്റിലെത്താം.

ഞണ്ടിറുക്കി വെള്ളച്ചാട്ടത്തില്‍ കാണാനുള്ള കാഴ്ചകള്‍ വളരെയധികമാണ്, മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ തല്ലിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്നതുകാണാം. വ്യൂപോയിന്റില്‍ നിന്നാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളും ദൃശ്യമാണ്. കാഴ്ച കണ്ടിറങ്ങിയ ശേഷം വെള്ളച്ചാട്ടത്തിനു താഴെ നിന്ന് കുളിക്കുകയും ചെയ്യാം.

പൂമാലയില്‍ നിന്നും നാളിയാനിക്കുള്ള റോഡിലൂടെ വാഹനം കൊണ്ടുവരാമെങ്കിലും വാഹനങ്ങള്‍ പൂമാലയില്‍ത്തന്നെ നിറുത്തിയിട്ട ശേഷം നടന്നു വരുന്നതായിരിക്കും ഉചിതം. ഒന്നാമതായി കാഴ്ചകള്‍ ആസ്വദിക്കാം. കൂടാതെ ചെറിയ ഒന്നോ രണ്ടോ വാഹനങ്ങള്‍ക്കു മാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതക്ക് മുന്‍പില്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യമുള്ളു.

വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം തന്നെയാണ്. എന്നാലും കടുത്ത വേനല്‍കാലമൊഴികെയുള്ള അവസരത്തിലും ഇവിടെ എത്തിച്ചേരാം. മഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടമാകുന്ന സ്ഥലമാണിത്.

സഞ്ചാരികള്‍ക്ക് ഏത് യാത്രാമാര്‍ഗം ഉപയോഗിച്ചും ഞണ്ടിറുക്കി വെള്ളച്ചാട്ടത്തില്‍ എത്തിപ്പെടാം. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മുകളില്‍ പറഞ്ഞ വഴി ഉപയോഗിച്ച് എത്തിപ്പെടാം. അല്ലാത്തവര്‍ക്ക് തൊടുപുഴയില്‍ നിന്നും പൂമാല സര്‍വീസ് നടത്തുന്ന സ്വകാര്യ – കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ ആശ്രയിക്കാം. ടാക്സി സംവിധാനവും തൊടുപുഴയില്‍ ലഭ്യമാണ്.

നേരിട്ട് ഞണ്ടിറുക്കിയിലേക്ക് വരുന്നതിന് പകരം മൂലമറ്റം പവര്‍ഹൗസ്, കുളമാവ് ഡാം, തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് വരുന്നതിന്റെ ഭാഗമായി വെള്ളച്ചാട്ടം കാണാന്‍ വരാം. ഇവിടെ നിന്നെല്ലാം ഒരു മണിക്കൂര്‍ യാത്രയെ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഉള്ളു. വെള്ളച്ചാട്ടത്തിന് അടുത്ത് താമസ സൗകര്യം ലഭ്യമല്ല. തൊടുപുഴയിലാണ് താമസ സൗകര്യമുള്ളത്. എന്നാല്‍ പൂമാലയില്‍ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും മറ്റുകടകളും ഉണ്ട്.