കെടിഡിസി മാറും അടിമുടി; കുതിപ്പിനൊരുങ്ങി വിനോദ സഞ്ചാര വികസന കോർപ്പറേഷൻ
ടൂറിസം രംഗത്തു സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ കാലത്തിനൊത്തു കോലം മാറുന്നു. പോയവർഷം കെടിഡിസിയുടെ പ്രവർത്തന ലാഭത്തിൽ കുറവ് വന്നിരുന്നു. തൊട്ടു മുൻവർഷം 5.82 കോടി രൂപയായിരുന്ന ലാഭം പോയ വർഷം 3.52 കോടിയായി കുറഞ്ഞിരുന്നു. കെടിഡിസിയുടെ 40ൽ 29 ബിയർപാർലറുകളും അടച്ചിടേണ്ടി വന്നതും ജിഎസ്ടി നടപ്പാക്കിയതും പല കെട്ടിടങ്ങളിലും അറ്റകുറ്റപ്പണി നടന്നതുമാണ് ലാഭത്തിൽ ഇടിവുണ്ടായതിനു കാരണമായി കെടിഡിസി പറയുന്നത്. എന്നാൽ ഇവ പഴങ്കഥയാക്കി കുതിപ്പിനൊരുങ്ങുകയാണ് കെടിഡിസി
മുഖം മാറുന്ന കെടിഡിസി
കണ്ണൂരിലെ മുഴപ്പിലങ്ങാട്ടും കോഴിക്കോടു ബീച്ചിലും കെടിഡിസി പുതിയ റിസോർട്ടുകൾ തുടങ്ങും. മുഴപ്പിലങ്ങാട്ടു വസ്തു വാങ്ങിക്കഴിഞ്ഞു. 40 കോടിയുടെ പദ്ധതിക്ക് ചിങ്ങമാസം തറക്കല്ലിടുമെന്ന് കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു.
കോഴിക്കോട്ട് 55കോടി ചെലവിൽ ഹോട്ടൽ കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാനാണ് പദ്ധതി. മൂന്നാറിലെ ടീ കൗണ്ടി വളപ്പിൽ നൂറു മുറികളുള്ള ബജറ്റ് ഹോട്ടൽ കൂടി വരും.
തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ ഫൈവ് സ്റ്റാർ ആക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഹോട്ടൽ ഒന്നരക്കോടി ചെലവിൽ നവീകരിക്കും. കൺവൻഷൻ സെന്ററും നിർമിക്കും. കാസർകോട്ടെ ബേക്കൽ ബീച്ച് ക്യാംപിൽ മൂന്നു കോടി ചെലവിൽ പത്ത് കോട്ടേജുകളും സ്വിമ്മിംഗ് പൂളും നിർമിക്കും.
കുമരകത്തെ വാട്ടർ സ്‌കേപ്പിൽ 12.69കോടി ചെലവിൽ കോട്ടേജുകൾ, ലോബി, റിസപ്‌ഷൻ,നീന്തൽക്കുളം എന്നിവയുടെ പണികൾ പുരോഗമിക്കുന്നു. കോവളം സമുദ്രയിൽ രണ്ടര കോടി ചെലവിൽ മുറികൾ, നീന്തൽക്കുളം എന്നിവ നവീകരിക്കും.
തമ്പാന്നൂർ ചൈത്രത്തിൽ 4.2 കോടി ചെലവിൽ മുറികളുടെ നവീകരണം നടക്കുകയാണ്. 3.10കോടി ചെലവിൽ ലോബി, റസ്റ്റാറന്റ്, കോൺഫ്രൻസ് ഹാൾ എന്നിവയുടെ പണികളും പുരോഗമിക്കുന്നുണ്ട്.
പൊന്മുടി ഗോൾഡൻ പീക്ക് റിസോർട്ടിൽ 3.10 കോടി രൂപ ചെലവിൽ നിർമിക്കുന്ന 15 കോട്ടേജുകളുടെ നിർമാണം നടന്നുവരുന്നു. റോഡ്, ലാൻഡ് സ്കേപ് എന്നിവയുടെ പ്രവർത്തനവും പുരോഗമിക്കുന്നുണ്ട്.
കെടിഡിസി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിഫോം ഇക്കൊല്ലം തന്നെ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
കിട്ടാനുള്ളത് ലക്ഷങ്ങൾ
കഴിഞ്ഞ മാർച്ച് 31 വരെ കെടിഡിസിക്ക് സർക്കാരിൽ നിന്ന് കിട്ടാനുള്ളത് 232 ലക്ഷം രൂപയാണ്. ട്രാവൽ ഏജന്റുമാരിൽ നിന്ന് 153 ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് 85ലക്ഷം രൂപയും കിട്ടാനുണ്ട്.
മാസ്കറ്റ് ഹോട്ടലിനു കുടിശികളായി ലഭിക്കാനുള്ള തുക ഈടാക്കാൻ നടപടി സ്വീകരിച്ചു വരുന്നു. ബിൽ തുകയിലെ തർക്കമാണ് ചില കുടിശ്ശികയ്ക്കു പിന്നിൽ. ഇതിൽ കിട്ടില്ലെന്ന് ഉറപ്പുള്ളവ എഴുതിത്തള്ളും.