ഇവള്‍ ഫ്രീലി കാടിന്റെ പുത്രി
എല്ലാവരേയും പോലെയായിരുന്നു ഫ്രീലി, തിരക്ക് പിടിച്ച ലോകത്തിന്റെ ആരവങ്ങളിലും ആഘോഷങ്ങളിലും പങ്ക് ചേര്‍ന്നവള്‍. എന്നാല്‍ ദിനചര്യയയിലെ മാറ്റമില്ലാത്ത കാര്യങ്ങളില്‍ അവള്‍ക്ക് മടുപ്പ് അനുഭവപ്പെട്ട് തുടങ്ങി.
ഓസ്‌ട്രേലിയയിലെ യുട്യൂബറും വീഗന്‍ ബ്ലോഗറുമായ ഫ്രീലിയെന്ന യുവതിയാണ് ബോള്‍ഡായ തീരുമാനവുമായി ആറുമാസം മുമ്പു കാട്ടിലേക്കിറങ്ങിയത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഫ്രീലി ഇങ്ങനെയൊരു തീരുമാനത്തിലെത്തി ചേര്‍ന്നത്. മടുത്ത നഗരജീവിതത്തില്‍ തനിക്ക് കൂട്ടായി തന്റെ ജീവിതപങ്കാളിയെ മാത്രമാണ് കൂടെ കൂട്ടിയത്.വസ്ത്രം എന്ന ആര്‍ഭാടം പോലും താന്‍ തിരഞ്ഞെടുത്ത സ്വാതന്ത്രത്തിന് തടസ്സമാവരുതെന്ന് തീരുമാനിച്ചവള്‍ അവയൊക്കെ ഉപേക്ഷിച്ചു.
നഗരജീവിതം മടുത്ത് കാനനജീവിതം തിരഞ്ഞെടുത്ത മുപ്പത്തേഴു വയസ്സുകാരിയായ യുവതി കാട്ടില്‍ കിട്ടുന്ന കായ്കനികള്‍ ഭക്ഷിച്ച്, കാട്ടരുവിയിലെ വെള്ളം കുടിച്ച് കാടിനുള്ളില്‍ താല്‍ക്കാലികമായൊരു വീടു കെട്ടിയാണ് പങ്കാളിയോടൊപ്പം ജീവിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ പുതിയ ആഘോഷങ്ങളെക്കുറിച്ച് ഫ്രീലി പറയുന്നതിങ്ങനെ:
‘കഴിഞ്ഞ ആറുമാസമായി ഞാന്‍ എന്റെ മുടി കളര്‍ ചെയ്യുന്നില്ല, യാതൊരുവിധ മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നില്ല. ശരീരത്തിലെ രോമങ്ങള്‍ നീക്കം ചെയ്യാറില്ല, മഴയില്‍ക്കുളിച്ച് കായ്കനികള്‍ ഭക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നു’. ഈ ഭാഗ്യം തനിക്കു മാത്രമുള്ളതല്ലെന്നും ഇത്തരത്തില്‍ സ്വതന്ത്രരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തന്റെ ജീവിതം ഒരു പ്രചോദനമാവട്ടെയെന്നും ഫ്രീലി പറയുന്നു.
തനിക്കു ഭ്രാന്താണ് എന്നു പറയുന്നവരോട് ഫ്രീലിക്കു പറയാനുള്ളതിതാണ്- ‘മറ്റുള്ളവരില്‍നിന്നു വ്യത്യസ്തരാകുന്ന അവസ്ഥയെ എല്ലാവരും ഭയപ്പെടുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നത് മറ്റുള്ളവരെപ്പോലെ ജീവിക്കുന്നതാണ്. എന്റെ ജീവിതം അസ്വാഭാവികമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാം. പക്ഷേ ഈ വ്യത്യസ്തതയില്‍ ഞാന്‍ സന്തോഷിക്കുന്നു’.
ദിവസവും ഒന്‍പതു മണി മുതല്‍ അഞ്ചുമണി വരെയുള്ള ജോലി മടുത്തതോടെയാണ് പെട്ടന്നൊരു ദിവസം പങ്കാളിയെയും കൂട്ടി ഫ്രീലി കാനനജീവിതം തിരഞ്ഞെടുത്തത്. മറ്റുള്ളവര്‍ക്കു ഭ്രാന്തെന്നു തോന്നുന്ന ജീവിത ശൈലി പിന്തുടരാന്‍ ഫ്രീലിയെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഒരിക്കല്‍ ഫ്രീലി ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആള്‍ ചെയ്ത വഞ്ചന. ഒരുപാടു പ്രയാസപ്പെട്ടാണ് ഫ്രീലി അതില്‍ നിന്ന് മോചിതയായത്. പുതിയ കൂട്ടുകാരനൊപ്പം കാനനജീവിതം ആസ്വദിക്കുന്ന ഫ്രീലി സ്വതന്ത്ര ജീവിതത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഫൊളോവേഴ്‌സിനായി പങ്കുവെയ്ക്കുന്നുമുണ്ട്.