Kerala

കെഎസ്ആര്‍ടിസി വോള്‍വോ-സ്‌കാനിയ സര്‍വീസുകള്‍ പുനരാരംഭിച്ചു

മണ്ണിടിഞ്ഞു താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കേരള ആര്‍ടിസി സ്‌കാനിയ-വോള്‍വോ സര്‍വീസുകള്‍ പുനരാരംഭിച്ചു. പകല്‍ 1.00, 2.15, 3.30 സമയങ്ങളില്‍ പുറപ്പെടുന്ന ബെംഗളൂരു-കോഴിക്കോട്-തിരുവനന്തപുരം, രാത്രി 10.30ന് ഉള്ള ബെംഗളൂരു-കോഴിക്കോട് മള്‍ട്ടി ആക്‌സില്‍ ബസുകളാണ് ഒന്നര ആഴ്ചയായി സര്‍വീസ് റദ്ദാക്കിയിരുന്നത്.

ചുരത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചതിനാല്‍ ഈ ബസുകള്‍ ഇന്നലെ നാട്ടില്‍ നിന്നു പുറപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഇന്നാരംഭിക്കും. ഇവയുടെ ഓണ്‍ലൈന്‍ റിസര്‍വേഷനും പുനഃസ്ഥാപിച്ചു.

എസി ബസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നു മലബാര്‍ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ ബെംഗളൂരു-കല്‍പറ്റ റൂട്ടില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് സ്‌പെഷല്‍ ആരംഭിച്ചിരുന്നു. എസി ബസുകള്‍ തിരിച്ചെത്തിയതിനാല്‍ ഈ ബസ് പിന്‍വലിക്കും. എന്നാല്‍, ആഴ്ചാവസാനങ്ങളില്‍ തിരക്കനുസരിച്ച് സ്‌പെഷല്‍ സര്‍വീസിനായി ഇതുപയോഗിക്കും.

അതേസമയം മഴയെ തുടര്‍ന്നു റൂട്ടും സമയവും മാറ്റിയ ബെംഗളൂരു-നിലമ്പൂര്‍ ബസ് ഇനിയൊരറിയിപ്പുണ്ടാകും വരെ മൈസൂരു-ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂര്‍ വഴിയായിരിക്കും സര്‍വീസ് നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരുവില്‍നിന്നു രാത്രി 11.45നു പുറപ്പെടും. നേരത്തെ 9.45നു പുറപ്പെട്ട് മാനന്തവാടി-കല്‍പറ്റ-ചേറമ്പാടി-മേപ്പാടി വഴിയാണ് ബസ് നിലമ്പൂരില്‍ എത്തിയിരുന്നത്.