വെബ്‌സൈറ്റ് പുതുക്കി ഐആര്‍സിടിസി: അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

വലുപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ. പുരോഗതി മാത്രം ലക്ഷ്യമിട്ട് യാത്രക്കാരെ സഹായിക്കാനെന്നോണം പല മാറ്റങ്ങളും ഈയടുത്ത് കാലത്ത് റെയില്‍വേ വരുത്തിയിട്ടുണ്ട്. ഐആര്‍സിടിസിയില്‍ ആധാര്‍ ബന്ധിപ്പിച്ച യാത്രക്കാര്‍ക്ക് ഒരു മാസം 12 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. ഇതിന് പുറമേ 120 ദിവസം മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റ് വഴി സാധ്യമാണ്.

മാറ്റങ്ങള്‍ വന്ന സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇത് പ്രകാരം വെറും 25 സെക്കന്റ് മാത്രമാണ് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ കാച്പ രേഖപ്പെടുത്താന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് സമയം.

 

ഐആര്‍സിടിസി വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങള്‍

1. യാത്രക്കാര്‍ക്ക് 120 ദിവസം മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യം ലഭിച്ചു. ഒരു യൂസര്‍ ഐഡി ഉപയോഗിച്ച് ഒരു മാസം ആറ് ടിക്കറ്റ് മാത്രമേ റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. ആധാര്‍ നമ്പര്‍ അക്കൗണ്ടില്‍ ബന്ധിപ്പിച്ചേക്കുന്നവര്‍ക്ക് മാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

2. രാവിലെ 8 മണിക്കും പത്ത് മണിക്കും ഇടയില്‍ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് വെറും രണ്ട് ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാനാവൂ.

3. തത്കാല്‍ ടിക്കറ്റ് യാത്രയുടെ ഒരു ദിവസം മുന്‍പാണ് ബുക്ക് ചെയ്യാനാവുക. എസി ടിക്കറ്റുകള്‍ക്ക് രാവിലെ 10 മണിക്കും മറ്റുളള ടിക്കറ്റുകള്‍ രാവിലെ 11 മണിക്കും ബുക്കിങ് ആരംഭിക്കും.

4. രാവിലെ 10 മണിക്കും 12 മണിക്കും മധ്യേ രണ്ട് തത്കാല്‍ ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.

5. ഐആര്‍സിടിസി അക്കൗണ്ട് ഉപയോഗിച്ച് രാവിലെ 10 മണിക്കും 12 മണിക്കും മധ്യേ രണ്ട് ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാനാവൂ. ഓണ്‍ലൈനായി ഒരു സമയം ആറ് ബര്‍ത്തുകള്‍ മാത്രമേ റിസര്‍വ് ചെയ്യാനാവൂ.

6. ഒരു സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് ഒറ്റ തവണ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാവൂ. ഒറ്റ പേജ് അല്ലെങ്കില്‍ ക്വിക് ബുക്കിങ് സര്‍വ്വീസ് സേവനങ്ങള്‍ രാവിലെ എട്ടിനും 12 നും ഇടയില്‍ ലഭ്യമാകില്ല. കാപ്ച ലോഗിന്‍, പാസഞ്ചര്‍ വിവരം, പേമെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

7. ഏജന്റുമാര്‍ക്ക് രാവിലെ 8 നും 8.30 നും ഇടയിലും 10 നും 10.30 നും ഇടയിലും 11നും 11.30 നും ഇടയിലും മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. തത്കാല്‍ ബുക്കിങ് സമയത്ത് ആദ്യ അര മണിക്കൂറില്‍ ഇവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. കൂട്ടമായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഏജന്റുമാര്‍ ശ്രമിച്ചേക്കുമെന്നത് തടയാനാണ് ഈ നീക്കം.

8. സമയബന്ധിതമായി വേണം ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍. യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കാന്‍ 25 സെക്കന്റ് മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. കാപ്ച രേഖപ്പെടുത്താന്‍ ഓരോ ഘട്ടത്തിലും അഞ്ച് സെക്കന്റ് വീതമാണ് അനുവദിച്ചിരിക്കുന്നത്.

9. നെറ്റ് ബാങ്കിങ് വഴിയുളള പേമെന്റ് ഓപ്ഷനുകള്‍ക്ക് ഇനി മുതല്‍ എല്ലാ യാത്രക്കാരും ഒടിപി കൂടി നല്‍കണം.

10. യാത്രക്കാര്‍ക്ക് ഇനി റീഫണ്ട് ലഭിക്കുക മൂന്ന് സാഹചര്യങ്ങളിലാണ്.

ട്രെയിന്‍ പുറപ്പെടേണ്ട സ്റ്റേഷനില്‍ നിന്നും മൂന്ന് മണിക്കൂറിലധികം വൈകി യാത്ര പുറപ്പെട്ടാല്‍
ട്രെയിനിന്റെ യാത്ര വഴിതിരിച്ചുവിടുകയും യാത്രക്കാരന് ഈ വഴി പോകാന്‍ താത്പര്യമില്ലെന്ന് വരികയും ചെയ്താല്‍.

ബുക്ക് ചെയ്തതിലും താഴ്ന്ന ക്ലാസിലേക്ക് യാത്ര ടിക്കറ്റ് മാറ്റുകയും ഈ ക്ലാസില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് താത്പര്യമില്ലെന്നും വന്നാല്‍ റീഫണ്ട് ലഭിക്കും. അതേസമയം താഴ്ന്ന ക്ലാസില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ തയ്യാറാവുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് അധികമായി ഈടാക്കിയ തുക തിരികെ ലഭിക്കും.

അതേസമയം തന്നെ നിങ്ങളുടെ കണ്‍ഫേര്‍മ്ഡ് ടിക്കറ്റില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ഇത് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനുളള സൗകര്യം ഏര്‍പ്പെടുത്തി. യാത്രയ്ക്ക് 24 മണിക്കൂര്‍ മുന്‍പ് ചീഫ് റിസര്‍വേഷന്‍ ഓഫീസറില്‍ നിന്നും ടിക്കറ്റിലെ പേര് മാറ്റി വാങ്ങാവുന്നതാണ്. പക്ഷെ കുടുംബത്തിലെ അച്ഛന്‍, അമ്മ, ഭാര്യ, മകള്‍, മകന്‍, സഹോദരി, സഹോദരന്‍ തുടങ്ങിയവരുടെ പേരിലേക്കേ ടിക്കറ്റ് മാറ്റാനാവൂ.