തേക്കടിയുടെ നല്ല ടൂറിസം പാഠം ; ആശയം-ആവിഷ്കാരം ടിഡിപിസി

 

ടൂറിസത്തെ വളർത്തുന്നതിൽ മാത്രമല്ല ചിലേടത്തെങ്കിലും ടൂറിസം രംഗത്തുള്ളവരുടെ ശ്രദ്ധ. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചും അവർക്ക് കരുതലുണ്ട്. അത്തരം കരുതലിന്റെ കാഴ്ചകളാണ് തേക്കടിയിൽ നിന്നുള്ളത്. ടൂറിസം രംഗത്തെ നല്ല പാഠമാണ് തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ (ടിഡിപിസി )നൽകുന്നത്.

പ്ലാസ്റ്റിക് രഹിത തേക്കടി

ലോകത്തെങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. തേക്കടിയും ഇതിൽ നിന്ന് മുക്തമായിരുന്നില്ല. എന്നാൽ ടിഡിപിസി ഒരു വർഷം മുൻപ് എടുത്ത തീരുമാനം നിർണായകമായി. ടിഡിപിസി അംഗങ്ങളുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കുക. ഇതോടെ തേക്കടിയിലെ മുൻനിര റിസോർട്ടുകളിൽ നിന്ന് പ്ലാസ്റ്റിക് കുപ്പി വെള്ളം പടിയിറങ്ങി. ശുദ്ധജല പ്ലാന്റുകൾ സ്ഥാപിച്ചായിരുന്നു റിസോർട്ടുകൾ പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ കെട്ടുകെട്ടിച്ചത്. ഒരു മാസം 26,630 കുപ്പിവെള്ളത്തിൽ നിന്നാണ് തേക്കടി രക്ഷപെട്ടത്.

കുപ്പിയേ വിട… കുഴലേ വിട…

കഴിഞ്ഞ വർഷം പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളത്തെ പടിയിറക്കിയ ടിഡിപിസി ഇത്തവണ പരിസ്ഥിതി ദിനത്തിൽ കണ്ണു വെച്ചത് പ്ലാസ്റ്റിക് സ്ട്രോകളെയാണ്. പ്ലാസ്റ്റിക് സ്ട്രോ രഹിത തേക്കടി എന്ന ടിഡിപിസിയുടെ നിർദേശത്തിനും നല്ല പിന്തുണയാണ് കിട്ടിയത്.

ഒരിടം പ്ലാസ്റ്റിക് വിമുക്തമാക്കാൻ വേണ്ടത് ജനകീയ പിന്തുണയാണെന്ന് ടിഡിപിസിക്ക് ഉറപ്പുണ്ട്. വ്യാപാരികൾക്കാണ് ഇതിൽ നിർണായക പങ്കുള്ളത്. അതുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പിന്തുണ ടിഡിപിസി അഭ്യർത്ഥിച്ചു. അവർ ഈ നിർദേശത്തെ പിന്താങ്ങുകയും ചെയ്തു.

പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാൻ ടിഡിപിസി കണ്ടെത്തിയ മാർഗം കുമിളിയിലെ വീടുകളിൽ തുണി സഞ്ചി എത്തിക്കുക എന്നതാണ്. ചന്തയിലോ കടയിലോ പോകുമ്പോൾ ഈ തുണിസഞ്ചി കരുതുക…പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കുക എന്നതാണ് ഇവരുടെ നയം.


സ്മാർട് തേക്കടി, സ്മാർട് ക്ലാസ്

പ്ലാസ്റ്റിക് നിർമാർജന രംഗത്തു മാത്രമല്ല ടിഡിപിസിയുടെ പ്രവർത്തനം. കുമിളിയിലെ അമരാവതി സർക്കാർ സ്‌കൂളിലെ രണ്ടു ക്ലാസ് മുറികൾ സ്മാർട് ക്ലാസ് റൂമാക്കിയതും അതിന്റെ പരിപാലനവും ടിഡിപിസിയാണ്. പെയിൻ ആൻഡ് പാലിയേറ്റിവ് പദ്ധതി പ്രകാരം പരിചരണം വേണ്ടപ്പെട്ടവർക്ക് പലവ്യഞ്ജനങ്ങൾ ടിഡിപിസി സൗജന്യമായി നൽകുന്നുണ്ട്.പരിസ്ഥിതി ദിനത്തിൽ തേക്കടിയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമായി നട്ടത് അയ്യായിരത്തിലേറെ വൃക്ഷത്തൈകൾ. കുമിളി സർക്കാർ ആശുപത്രിയിലെ മാലിന്യം നീക്കം ചെയ്യാനും മുന്നിൽ നിന്നതു ടിഡിപിസിയാണ്.

 

തേക്കടി ടൂറിസം വികസനം ലക്‌ഷ്യം

തേക്കടി ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ മുഖ്യ ലക്‌ഷ്യം ഇവിടുത്തെ ടൂറിസം വികസനമാണ്. ഒരു രാത്രി തങ്ങാൻ പറ്റിയ ഇടം എന്ന നിലയിൽ നിന്ന് കൂടുതൽ ദിവസം തങ്ങാൻ പറ്റിയ ഇടമെന്ന നിലയിലേക്ക് തേക്കടിയെ മാറ്റുകയാണ് ഇതിലൊന്ന്.2004 കാർഡമം കൺട്രി ഉടമ ജോർജ് മുത്തൂറ്റ്, കർമേലിയ ഹാവൻസ് ഉടമ സ്കറിയ ജോസ്, അന്ന് കാർഡമം കൺട്രിയിൽ മാർക്കറ്റിങ് മാനേജരായിരുന്ന ഇപ്പോൾ രുദ്ര ഹോളിഡേയ്‌സ് ഉടമയായ ജയകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ ടിഡിപിസി തുടങ്ങിയപ്പോൾ ഈ ലക്‌ഷ്യം തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.

അടുത്തിടെ ടിഡിപിസി നടത്തിയ ‘സഹ്യാദ്രി’ എന്ന പരിപാടി തേക്കടിയിൽ കൂടുതൽ ദിവസം തങ്ങാൻ സഞ്ചാരികളെ പ്രേരിപ്പിക്കുക എന്നത് മുൻനിർത്തിയായിരുന്നു. 200ൽ പരം ടൂർ ഓപ്പറേറ്റർമാർ സഹ്യാദ്രിയിൽ പകെടുത്തു.ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കാത്ത തേക്കടിയിലെ മനോഹര ഇടങ്ങളിലേക്ക് ഇവർ ടൂർ ഓപ്പറേറ്റർമാരെ കൊണ്ടുപോയി.

അതെ, ടൂറിസം വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നല്ല മാതൃകയാവുകയാണു് തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ.

ഇവർ ടിഡിപിസി സാരഥികൾ

 

 

 

 

 

ചെയർമാൻ: ബാബു ഏലിയാസ്
(എലിഫന്റ്സ് റൂട്സ് ഉടമ )

ജനറൽ സെക്രട്ടറി : ജിജു ജയിംസ്
(ജനറൽ മാനേജർ, കർമേലിയ ഹാവൻസ് )

ട്രഷറർ : ദിലീപ് ചന്ദ്രൻ
(ഗ്രീൻ വുഡ്‌സ് ജനറൽ മാനേജർ)

സെക്രട്ടറി : പ്രസൂൻ ശങ്കർ
( എലിഫന്റ് കോർട്ട് ജനറൽ മാനേജർ)

സെക്രട്ടറി: ബാലാജി രവിവർമൻ
( ഹിൽസ്  ആന്റ് ഹ്യൂസ് ജനറൽ മാനേജർ)