Kerala

പാളങ്ങളിലിന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകള്‍ വൈകും

അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്നു മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി നടത്തുകയെന്നു ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) സിരീഷ് കുമാര്‍ സിന്‍ഹ പറഞ്ഞു.

മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയും അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. നിശ്ചയിച്ച സമയത്തിനുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നു കൂടുതല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. മഴമൂലം കഴിഞ്ഞയാഴ്ച ഒല്ലൂരില്‍ നിശ്ചിത സമയത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിയാതെ വന്നതോടെ രണ്ടു ദിവസമാണു ട്രെയിനുകള്‍ വൈകിയോടിയത്.

ട്രെയിനുകളുടെ ബാഹുല്യം മൂലം അറ്റകുറ്റപ്പണിക്കായി നാലു മണിക്കൂര്‍ ബ്ലോക്ക് ഡിവിഷനില്‍ ലഭിക്കുന്നില്ലെന്നു ഡിആര്‍എം പറഞ്ഞു. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ഓഗസ്റ്റ് 15ന് നിലവില്‍ വരുന്ന പുതിയ സമയക്രമത്തില്‍ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണു പ്രതിമാസം ലക്ഷ്യമിടുന്നതെങ്കിലും പാളങ്ങളുടെ ലഭ്യത കുറവ് പണികളെ ബാധിച്ചിട്ടുണ്ട്. 15 കിലോമീറ്റര്‍ റെയില്‍ മാത്രമാണു ഈ മാസം ലഭിച്ചത്.

സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതിനാലാണു ട്രെയിനുകള്‍ നിര്‍ത്തി അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്നത്. യാത്രക്കാര്‍ ഈ ഘട്ടത്തില്‍ റെയില്‍വേയുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഒരു മീറ്ററിന് 52 കിലോഗ്രാം ഭാരമുള്ള പഴയ റെയിലുകളാണു നിലവില്‍ ഡിവിഷനിലുള്ളത്. 60 കിലോഗ്രാം ഭാരമുള്ള റെയിലുകളാണു പാളം പുതുക്കാന്‍ ഉപയോഗിക്കുന്നത്. ഇത് തേയ്മാനവും വിള്ളലും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ ടൈംടേബിളില്‍ അറ്റകുറ്റപ്പണിക്കുള്ള ബ്ലോക്ക് ഞായറാഴ്ചയ്ക്കു പകരം ശനിയാഴ്ച രാത്രിയില്‍ നല്‍കണമെന്നു കേരള ബെംഗളൂരു ട്രെയിന്‍ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. വിവിധ നഗരങ്ങളില്‍ തിങ്കളാഴ്ച രാവിലെ ജോലിക്കു ഹാജരാകേണ്ടവരാണു ഞായറാഴ്ച വൈകിട്ടു കേരളത്തില്‍ നിന്ന് യാത്ര തിരിക്കുന്നത്. ട്രെയിനുകള്‍ വൈകുന്നതു കൃത്യസമയത്തു ജോലിക്കെത്താന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുമെന്നും ഫോറം ചൂണ്ടിക്കാട്ടി.