തൃശൂരിന്റെ സ്വന്തം പൈതൃക മ്യൂസിയം
ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി.
സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു.
കൊല്ലങ്കോട് ഹൗസ്
കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ 1904-ല്‍ മകള്‍ക്കുവേണ്ടി പണികഴിപ്പിച്ചതാണു ചെമ്പുക്കാവിലെ ‘കൊല്ലങ്കോട് ഹൗസ്’ എന്നറിയപ്പെടുന്ന കൊട്ടാരം. 1975-ല്‍ കേരള പുരാവസ്തുവകുപ്പ് കൊട്ടാരം ഏറ്റെടുത്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിപ്പിച്ച കൊട്ടാരം ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചത്.
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിളും ടൈല്‍സും ഉപയോഗിച്ചാണു തറകള്‍ നിര്‍മിച്ചിരിക്കുന്നത്. മരങ്ങളുപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍ക്കൂരയും കൊട്ടാരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊല്ലങ്കോട് രാജാക്കന്മാരുടെ സ്വകാര്യശേഖരത്തിലെ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ശ്രീമൂലം ചിത്രശാല
മുന്‍പു ‘മ്യൂറല്‍ ആര്‍ട്ട് സെന്റര്‍’ എന്നാണ് ആദ്യം മ്യൂസിയം അറിയപ്പെട്ടിരുന്നത്. ചുമര് ചിത്രങ്ങളുടെ (മ്യൂറല്‍) വിപുലശേഖരം ഇവിടെയുള്ളതായിരുന്നു കാരണം.ഇന്ത്യന്‍ ചിത്രകലയിലുള്ള വിവിധ കാലഘട്ടങ്ങളിലെ ചിത്രങ്ങള്‍ ശേഖരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിയ കൊച്ചി രാജാവാണ് തൃശൂരില്‍ ചിത്രകലാ മ്യൂസിയം ആരംഭിക്കാന്‍ തീരുമാനിച്ചത്. കൊച്ചി മഹാരാജാവിന്റെ പേരില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ ആരംഭിച്ച ചിത്രശേഖരം 1938-ല്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തു.
കേരളത്തിലെ ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും മികച്ച ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍ ‘ശ്രീമൂലം ചിത്രശാല’ എന്നറിയപ്പെടുന്ന മ്യൂസിയത്തില്‍ ശേഖരിച്ചു. മട്ടാഞ്ചേരി കൊട്ടാരം, ചെമ്മണ്ന്തിട്ട ക്ഷേത്രം, വടക്കുന്നാഥക്ഷേത്രം, കാഞ്ഞൂര്‍ പള്ളി, പുതുക്കാട് പള്ളി എന്നിവിടങ്ങളിലെ ചിത്രങ്ങള്‍ മ്യൂസിയത്തിലുണ്ട്. ശ്രീമൂലം ചിത്രശാലയില്‍ പ്രദര്‍ശനത്തിലുണ്ടായിരുന്ന 34 ചിത്രങ്ങളാണിപ്പോള്‍ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
തൃശൂരിന്റെ സംസ്കാരം
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള മഹാശിലായുഗ ഉപകരണങ്ങള്‍ നേരില്‍ കാണണമെങ്കില്‍ പൈതൃക മ്യൂസിയത്തില്‍ അവസരമുണ്ട്. തൃശൂരിന്റെ പഴയ സംസ്കാരം ഇതുവഴി അടുത്തറിയാം.
കളിമണ്പാത്രങ്ങള്, നന്നങ്ങാടികള്‍ എന്നിവയുടെ വലിയ ശേഖരമാണുള്ളത്. ജില്ലയിലെ ഇയ്യാല്‍, കക്കാട്, ഇരിങ്ങാലക്കുട, മങ്ങാട്, പോര്‍ക്കുളം, ചൂണ്ടല്‍, മുണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നു പുരാവസ്തുവകുപ്പ് കണ്ടെത്തിയ വസ്തുക്കളാണു സാംസ്കാരിക ഗാലറിയില്‍ ഒരുക്കിയിരിക്കുന്നത്.
പഴമയുടെ അടുക്കളയും ഫോക്ലോര് ഗാലറിയും
നവീകരണത്തിന്റെ ഭാഗമായി കേരള ഫോക്ലോര് അക്കാദമിയുടെ വിശാലമായ ഗാലറി മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത്ര സിനിമ ബാഹുബലിയുടെ ഒന്നാം ഭാഗത്തിലെ ആര്‍ട്ട് ഡയറക്ടര്‍മാരാണു പഴമ നഷ്ടപ്പെടാത്ത രീതിയില്‍ ഗാലറി നിര്‍മിച്ചിരിക്കുന്നത്. തൃശൂരിന്റെ പൈതൃകവും നാടന്‍കലകളും കോര്‍ത്തിണക്കിയുള്ള അവതരണത്തിലാണ് ഗാലറി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പുതുതലമുറയ്ക്ക് അത്ര പരിചയമില്ലാത്ത മണ്‍പാത്രങ്ങളും പുകയടുപ്പും ഉരലും ഉറിയും അമ്മിയും ഉള്‍പ്പെടുന്ന അടുക്കളയും ഇവിടെ സ്ഥാനംപിടിച്ചിട്ടുണ്ട്. തനിമ നഷ്ടമാകാതെ പുനഃസൃഷ്ടിച്ചിരിക്കുന്ന ചുമരുകളും പുത്തന്‍ അനുഭവം സമ്മാനിക്കും. പണ്ടുകാലത്തു വീടുകളില്‍ കണ്ടുവന്നിരുന്ന ചുണ്ണാമ്പ് ചെല്ലം, ഇസ്തിരിപ്പെട്ടി, മുറം, ഭരണികള്‍, ചിരവ, മീന്‍പിടിക്കാനുള്ള ഒറ്റാല്, മീന്‍കുട്ട, കുരുത്തി എന്നിവയും ഈ വിഭാഗത്തിലുണ്ട്.
കാണാം പൈതൃകമതില്‍, കളിക്കാം കുരുന്നുകള്‍ക്ക്
കൊട്ടാരത്തിന്റെ ചുറ്റുമതിലിന്റെ ഉള്‍വശം അമ്പതോളം പാനലുകളിലായി തൃശൂര്‍ ജില്ലയുടെ പൈതൃകവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
തൃശ്ശൂര്‍ പൂരം, ഇലഞ്ഞിത്തറമേളം, അഞ്ചുവിളക്ക്, മച്ചാട് മാമാങ്കം, ഗുരുവായൂര്‍ സത്യഗ്രഹം, കോള്‍പ്പാടങ്ങള്‍, ട്രാംവേ, പുന്നത്തൂര്‍ കോട്ട, ശക്തന്‍തമ്പുരാനും വെളിച്ചപ്പാടും, കൊടുങ്ങല്ലൂര്‍ ഭരണി, പുലിക്കളി, പട്ടാളം മാര്‍ക്കറ്റ്, പെരുമ്പിലാവ് ചന്ത.ഇങ്ങനെ പോകുന്നു ചുറ്റുമതിലിലെ തൃശൂരിന്റെ പൈതൃകസംസ്കാരം.സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പുല്ലുകൊണ്ടു മെത്ത വിരിച്ചതുപോലെ കുട്ടികള്‍ക്കായി കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. ഒപ്പം ഇരുപത്തഞ്ചോളം ഇരിപ്പിടങ്ങളും. മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്കു രണ്ടു രൂപയുമാണു ടിക്കറ്റ് നിരക്ക്.