അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര്‍
ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്.
കേരള ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്.
സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ശൈലേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു. ടൂറിനു പിന്നില്‍ പ്രവര്‍ത്തിച്ച അറ്റോയ് എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗാ അംബാസഡേഴ്സ് കയ്യടികളോടെയാണ് വരവേറ്റത്. ലോക പാചക റിയാലിറ്റി ഷോകളില്‍ വിസ്മയമായ കൊച്ചിയിലെ കുരുന്നു ബാലന്‍ കിച്ചയെ സമാപനച്ചടങ്ങില്‍ അനുമോദിച്ചു.
സിനിമാതാരം നവ്യ നായരും സംഘവും അവതരിപ്പിച്ച നൃത്തങ്ങളോടെ ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു തിരശീല വീണു