ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുകള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി

വാട്ടര്‍ സ്പോര്‍ട്ട്സ്, പാരാഗ്ലൈഡിങ്, വൈറ്റ് റിവര്‍ റാഫ്റ്റിങ് തുടങ്ങിയ ഉത്തരാഖണ്ഡിലെ അഡ്വഞ്ചര്‍ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. അഡ്വഞ്ചര്‍ സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാനദണ്ഡം ഉണ്ടാക്കണമെന്നും ജൂണ്‍ 18ന് പുറത്തിറക്കിയ ഉത്തരവില്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. നയരൂപീകരണത്തിനായി രണ്ടാഴ്ച്ചത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

റിവര്‍ റാഫ്റ്റിങ് ഉള്‍പ്പെടെയുള്ള സാഹസിക ഇനങ്ങളില്‍ പങ്കെടുക്കുന്ന നിരവധി ആളുകളാണ് വര്‍ഷം തോറും മരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സാഹസികമായ ഇത്തരം ഇനങ്ങളില്‍ പരിശീലനം നേടിയവര്‍ മാത്രമെ ഇടപെടാന്‍ പാടുള്ളുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കേണ്ടതാണെങ്കിലും അതിന് സുതാര്യത വേണമെന്നും ഹൈക്കോടതി പറഞ്ഞു.

നദിക്കരയിലും മറ്റും ക്യാംപിങ് സൈറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം കൊടുക്കുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചു. നദിയെയും പരിസരപ്രദേശങ്ങളെയും മലിനമാക്കുന്ന നടപടിയാണിത് – ജസ്റ്റീസുമാരായ രാജീവ് ശര്‍മ്മ, ലോക്പാല്‍ സിങ് എന്നിവര്‍ പറഞ്ഞു.