കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതായി പര്യടനം.
കേരളത്തിലെ വിനോദസഞ്ചാര രംഗം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മോശം വാര്‍ത്തകള്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു യോഗാ പര്യടനം. 23രാജ്യങ്ങളില്‍ നിന്ന് 52 പേര്‍ പങ്കെടുത്ത യോഗാ ടൂര്‍ ലോകത്ത് തന്നെ ഇദംപ്രഥമമായിരുന്നു. കേരളത്തെ യോഗാ ടൂറിസത്തിന്റെ കേന്ദ്രമാക്കുക, യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക എന്നതായിരുന്നു പര്യടനത്തിന്റെ ലക്ഷ്യമെന്നു അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന്‍ എന്നിവര്‍ പറഞ്ഞു. ആ ലക്‌ഷ്യം യോഗ അംബാസഡേഴ്സ് ടൂറിലൂടെ സഫലമായെന്നും ഇരുവരും പറഞ്ഞു.
നിര്‍ണായക സമയത്ത് കേരള ടൂറിസത്തിന് ലഭിച്ച മുറിവുണക്കല്‍ കൂടിയായി യോഗ അംബാസഡേഴ്സ് ടൂര്‍. സംസ്ഥാനത്തെ ടൂറിസം മേഖല ഒന്നാകെ പിന്തുണച്ച പ്രചരണ പരിപാടി കൂടിയായി യോഗ അംബാസഡേഴ്സ് ടൂര്‍ മാറി.