Places to See

പൂന്തോട്ട നഗരിയിലേക്ക് പോകാം പുതിയ വഴിയിലൂടെ

തിരക്കിന് ഒരു ഇടവേള നല്‍കി യാത്ര പോകാന്‍ പറ്റിയ ഇടമാണ് ബംഗളൂരു. എന്നാല്‍ യാത്ര ചെയ്യുന്ന വഴി വാഹനത്തിരക്ക് മൂലം യാത്രയെ തന്നെ മടുപ്പിക്കുന്നതാണ്. മടുപ്പിക്കുന്ന ആ വഴി മാറ്റി പിടിച്ച് ഗ്രാമങ്ങളുടെ ഭംഗി കണ്ട് ബംഗളൂരുവില്‍ എത്താം.

സാധാരണയായി ബംഗളൂരു യാത്രയ്ക്ക് ആളുകള്‍ പ്രധാനമായും രണ്ടു വഴികളെയാണ് ആശ്രയിക്കാറ്. അതിലൊന്ന് മൈസൂര്‍ വഴിയും മറ്റൊന്ന് സേലം വഴിയുമാണ്. ഈ രണ്ടുപാതകളും ഉപേക്ഷിച്ചുകൊണ്ട് സത്യമംഗലം കാടുകള്‍ കയറി, മേട്ടൂര്‍ ഡാമിലെ കാഴ്ചകള്‍ കണ്ട്…ധര്‍മപുരിയും ഹൊസൂരും കടന്ന് ഒരു യാത്ര.

ബെംഗളൂരുവിനോട് മലയാളികള്‍ക്കെന്നും പ്രിയമാണ്. തൊഴില്‍ തേടിയായാലും പഠനത്തിനായാലും കാഴ്ച്ചകള്‍ കാണാനായാലും മലയാളികളുടെ ആദ്യപരിഗണനയില്‍ സ്ഥാനം ലഭിക്കുന്ന ഒരു നഗരമാണത്. ബെംഗളൂരുവിലെ കാഴ്ചകള്‍ കാണാനായി യാത്രയ്ക്കൊരുങ്ങുന്നത് സ്വന്തം വാഹനത്തിലാണെങ്കില്‍, ആ യാത്ര ഏറെ ആസ്വാദ്യകരമാക്കണമെങ്കില്‍ പാലക്കാട് നിന്ന് കോയമ്പത്തൂര്‍ വഴി അന്നൂര്‍-പുളിയമ്പെട്ടി വഴി സത്യമംഗലത്തെത്തണം.


കാടിനെയും നഗരത്തിനെയും ഒരു പോലെ വെറുപ്പിച്ച വീരപ്പിന്റെ നാട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് വഴിയുടെ ഇരുവളങ്ങളിലും തണല്‍ വിരിച്ച് നില്‍ക്കുന്ന വന്‍ മരങ്ങളാണ്.

പച്ചപ്പും തണലും നിറഞ്ഞ വലിയ വീതിയില്ലാത്ത നാട്ടുവഴികള്‍ യാത്രയെ വല്ലാതെയങ്ങു മോഹിപ്പിക്കും. പോകുന്ന വഴികളിലെല്ലാം പാതയരികുചേര്‍ന്നുള്ള ചെറിയ ചെറിയ ക്ഷേത്രങ്ങള്‍ ആ കാഴ്ചയെ കൂടുതല്‍ കൂടുതല്‍ സുഖകരമാക്കും.

സത്യമംഗലത്തുനിന്നും 45 കിലോമീറ്റര്‍ ദൂരമുണ്ട് അന്തിയൂരിലേക്ക്. ഭവാനി സാഗര്‍ അണക്കെട്ടും ഭവാനിനദിയും കൂടെ നിരവധി ക്ഷേത്രങ്ങളും ആ യാത്രയെ കൂടുതല്‍ മനോഹരമാക്കും .

അന്തിയൂരില്‍ നിന്നും ഇനി യാത്ര നീളേണ്ടത് അമ്മപ്പേട്ട എന്ന പ്രദേശത്തുകൂടിയാണ്. തികച്ചും ഗ്രാമീണമായ അന്തരീക്ഷവും ശാന്തമായ ഗ്രാമവുമാണ് അമ്മപ്പേട്ട. യാത്രാക്ഷീണമകറ്റാന്‍ ഇതിലും പറ്റിയൊരിടം വേറെയുണ്ടാകില്ല.

അല്പസമയത്തെ വിശ്രമത്തിനുശേഷം യാത്ര തുടരാം. ആ യാത്ര മേട്ടൂരിനെ ചുറ്റിയാണ്. മേട്ടൂര്‍ ഡാമിന്റെ മനോഹാരിത കണ്ട് തൊപ്പൂരിലേക്ക്. അവിടെ നിന്നും ധര്‍മപുരി കടന്നു ചെന്നെത്തുന്നത് ഹൊസൂരിലേക്കാണ്. ഹൊസൂരില്‍ നിന്ന് നാല്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബംഗളൂരുവിലെത്തി ചേരാം.