Kerala

കേരളത്തില്‍ രാജ്യാന്തര നിലവാരത്തിലുള്ള യോഗ സെന്റര്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

യോഗ ഒരു മതാചാരമല്ലെന്നും മതാചാരമെന്ന നിലയില്‍ യോഗയെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അത് പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗ ഒരു വ്യായാമമുറയാണ് ജാതിമതഭേതമന്യേ എല്ലാവര്‍ക്കും അത് പരിശീലിക്കാവുന്നതാണ്.ചില സൂക്തങ്ങളൊക്കെ ചൊല്ലി യോഗയെ ഹൈജാക്ക് ചെയ്യാറുണ്ട് എന്നാല്‍ സൂക്തങ്ങള്‍ ഉണ്ടാവുന്നതിന് മുന്നെ യോഗ ഉണ്ടായിട്ടുണ്ടെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം.. യോഗ ഒരു പ്രത്യേക മതത്തിന്റെ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്.

ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണ്. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് ആരും മുഖം തിരിക്കുന്നത് ശരിയല്ല. സ്വതന്ത്രവും മതേതരവുമായ മനസോടുകൂടിയാണ് യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വികസിത രാജ്യങ്ങള്‍ പോലും യോഗയില്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന ജീവിത ശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമായ പരിഹാരമാണ്. ആരോഗ്യകരമായി ചിന്തിക്കുന്നവര്‍ക്കേ യോഗയെ ഫലപ്രദമായി ഉപയോഗിക്കാനാവൂ. സമൂഹത്തെ സ്നേഹിക്കാനാവുന്ന മനസ്സ് യോഗാഭ്യാസികള്‍ക്ക് കൈവരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.