യോഗയെ അറിയാന്‍ യോഗ ലൊക്കേറ്റര്‍ ആപ്പ്

യോഗയെ സ്‌നേഹിക്കുന്നവര്‍ക്ക് യോഗയെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യോഗ സംബന്ധമായ പരിപാടികളെക്കുറിച്ചറിയാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ‘യോഗ ലൊക്കേറ്റര്‍ ആപ്പ്’. ഈ ആപ്പ് വഴി സമീപ പ്രദേശത്ത് നടക്കുന്ന യോഗ പരിപാടികളെക്കുറിച്ചറിയാനും അവിടേക്കുള്ള വഴി കണ്ട്പിടിച്ച് തരാന്‍ ഈ ആപ്പ് സഹായിക്കും.

സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍ഡ് നാച്ചുറോപ്പതി ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് എന്ന സ്ഥാപനമാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഓഎസ് ആപ് സ്റ്റോറിലും നിലവില്‍ ആപ് ലഭ്യമാണ്. വളരെ എളുപ്പത്തില്‍ ഇപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

ആപ്പ് ഉപയോഗിക്കുന്ന വ്യക്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള യോഗ പരിപാടികളുടെ മാപ്പാണ് ആപ്പില്‍ കാണിക്കുന്നത്. ഇത് 49 കിലോമീറ്റര്‍ വരെ വര്‍ധിപ്പിക്കാനും കഴിയും.


ആപ്പില്‍ ലഭ്യമാകുന്ന പരിപാടികളുടെ പട്ടികയില്‍ ക്ലിക്ക് ചെയ്താല്‍ പരിപാടിയുടെ കൃത്യമായ വിവരങ്ങളും, നടക്കുന്ന വേദിയും തീയതിയും ആപ്പില്‍ കാണിക്കും. കൂടാതെ പരിപാടിയുടെ കൂടുതല്‍ വിശദ വിവരങ്ങള്‍ അറിയാന്‍ സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള നമ്പറും ഫീസിന്റെ വിവരങ്ങളും ആപ്പില്‍ നിന്ന് തന്നെ ലഭിക്കും.

പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് തന്നെ വിവിരങ്ങള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. എന്നാല്‍ അഡ്മിന്റെ അനുമതി വേണമെന്ന് മാത്രം.

ലോക വ്യാപകമായി നടക്കുന്ന യോഗ പരിപാടികളുടെ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഓരോ രാജ്യത്തും നടക്കുന്ന യോഗ പരിപാടികള്‍ വേറെ വേറെ കാണാന്‍ കഴിയും. ആപ്പിലെ ‘എക്സ്പ്ലോര്‍ യോഗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മിനിസ്ട്രി ഓഫ് ആയുഷിന്റെ ബ്ലോഗിലേക്ക പോവാനും യോഗാ സംബന്ധമായ നിരവധി ആര്‍ട്ടിക്കിളുകള്‍ വായിക്കാനും കഴിയും. ജൂണ്‍ 21 അന്തര്‍ദേശീയ യോഗ ദിനത്തിനോട് അനുബന്ധിച്ചാണ് ആപ്പ് പുറത്തിറക്കിയത്.