Kerala

നിപ ഭീതി മറികടക്കാന്‍ നീലക്കുറിഞ്ഞിയുമായി കേരള ടൂറിസം

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി.


മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്‌സ് അറിയിച്ചു.

എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ വഴിയുള്ള ക്യാംപെയ്‌നുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ് ടൂറിസം മേഖല. അത്യപൂര്‍വ വര്‍ണക്കാഴ്ച ആസ്വദിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാരും ജില്ലാ ഭരണകേന്ദ്രവും ഒരുക്കുന്നത്.

ലോകത്ത് പശ്ചിമഘട്ട മലനിരകളിലാണിത് സമൃദ്ധമായി വിരിയുന്നത്. ഊട്ടി, കൊടൈക്കനാല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പൂവിടുന്നത് മൂന്നാര്‍ ആനമുടി ഭാഗങ്ങളില്‍. ലോകത്താകെ 46 തരം കുറിഞ്ഞി ഉണ്ടെങ്കിലും 22 ഇനം ഈ മേഖലയിലുണ്ട്. ‘സ്ട്രോബിലാന്തസ് കുന്തിയാന’ ശാസ്ത്രനാമത്തിലുള്ള നീലക്കുറിഞ്ഞിയാണ് ഇവിടെ കൂടുതലുള്ളത്.

കഴിഞ്ഞതവണ അഞ്ച് ലക്ഷം പേരാണ് കാണാനെത്തിയത്. ഇത്തവണ 10 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്

രാജമലയ്ക്കു പുറമെ വട്ടവട, കൊട്ടക്കമ്പൂര്‍ മേഖലയിലും കുറിഞ്ഞി പൂവിടുന്നുണ്ട്. വന്‍ തിരക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തും. പഠനത്തിന് പ്രത്യേക ഏജന്‍സിയെ ഡിടിപിസി ചുമതലപ്പെടുത്തി. സൗകര്യപ്രദമായ ടിക്കറ്റ് വിതരണവും ഉണ്ടാവും. 75 ശതമാനം ഓണ്‍ലൈനായും 25 ശതമാനം പ്രത്യേക കൗണ്ടര്‍ വഴിയും ടിക്കറ്റ് വിതരണംചെയ്യും. മൂന്നാര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനുസമീപം കൗണ്ടര്‍ ഒരുക്കും.

തിരക്ക് ഒഴിവാക്കാന്‍ പാര്‍ക്കിങ് ക്രമീകരിക്കും. ഒരു ദിവസം 4000 പേര്‍ക്ക് മാത്രമായി ടിക്കറ്റ് പരിമിതപ്പെടുത്തും. മുന്‍കൂട്ടി ടിക്കറ്റെടുത്ത് വരാനും സൗകര്യം ഉണ്ട്. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം, ഡിടിപിസി, റവന്യൂ, വനം, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. മൂന്നാര്‍ ടൗണില്‍നിന്ന് ഒന്നിടവിട്ട് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.