തൃശ്ശൂര്‍ ഗഡീസിന്റെ സ്വന്തം ഷേക്‌സ്പിയര്‍

അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന്‍ ഷേക്‌സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള്‍ പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്‌സ്പിയര്‍’ കണ്ടാല്‍ അറിയില്ലേ ഷേക്‌സ്പിയര്‍ മ്മടെ സ്വന്തം ഗഡിയാണെന്ന്.


ഷേക്‌സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ദ് ഷേക്‌സ്പിയര്‍ കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്‌സ്പിയര്‍ കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും.

കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്‌സ്പിയര്‍ രചിച്ച അനശ്വര നാടകങ്ങളുടെ പേരാണ്. കുടുംബവുമായി സായാഹ്നം മനോഹരമാക്കാന്‍ എത്തുന്നവര്‍ക്ക് പ്രധാന ഹാളില്‍ ഫെസ്റ്റിവല്‍ വിഭാഗവും കുട്ടികള്‍ക്കായി ഗെയിംസ് വിഭാഗവും ഒരുക്കിയിട്ടുണ്ട്.

ഇതോടൊപ്പം സൂപ്പര്‍ ഹീറോസിന്റെ കൂടെ ഫോട്ടോ സെഷനും ആകാം. ഷേക്‌സ്പിയര്‍ രചിച്ച നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഇവിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടു വേഷംകെട്ടി നടക്കുന്നതായി തോന്നും.

സിനിമാ ഭ്രാന്തന്മാര്‍ക്കായി വിവിധ ഭാഷകളിലെ സിനിമാ ശേഖരമാണു മറ്റൊരു ആകര്‍ഷണം. ബര്‍ഗര്‍, സാന്‍വിച്ച്, ഷേക്ക് എന്നിവയൊക്കെ ഇവിടെ ലഭിക്കും. ഷേക്സ്പിയറിന്റെ മനസ്സുപോലെയാണ് ഈ കഫേ. ആകെ റൊമാന്റിക് ആയി നില്‍ക്കുന്നു. ശരിക്കും ഒരു ഷേക്സ്പീരിയന്‍സ്!

പുസ്തഗ്രാം


സമൂഹ മാധ്യമങ്ങളില്‍ ഒന്നായ ഇന്‍സ്റ്റഗ്രാമിന്റെ മാതൃകയില്‍ ഒരുക്കിയിരിക്കുന്ന ‘പുസ്തഗ്രാം’ വിഭാഗമാണു കഫേയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ആര്‍ക്കും പുസ്തഗ്രാമിലേക്കു പുസ്തകങ്ങള്‍ സമ്മാനിക്കാം. പുസ്താഗ്രാം ലൈബ്രറിയില്‍ നിന്നു വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാം.

ഷേക്‌സ്പിയര്‍ സ്റ്റേജ്

ജീവിതമേ നാടകം എന്നുള്ള ഷേക്‌സ്പിയര്‍ ചിന്തകളുടെ ഭാഗമായി പ്രത്യേക ഓപ്പണ്‍ തിയറ്ററും സജ്ജമാക്കിയിട്ടുണ്ട്. പിറന്നാള്‍ ആഘോഷങ്ങള്‍ക്കും മറ്റു സ്വകാര്യ ചടങ്ങുകള്‍ക്കും ഈ വേദി വിട്ടുകൊടുക്കും. ഹ്രസ്വ ചിത്രങ്ങളും സിനിമകളും പ്രദര്‍ശിപ്പിക്കാനും ഈ വേദിയില്‍ സൗകര്യമുണ്ട്. നിലവില്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങളും ഷേക്‌സ്പിയര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.