ഇവിടെയെല്ലാം ക്രിക്കറ്റ് മയം
ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്.
ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം.
ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്‍.. സച്ചിന്‍.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല.
ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍.
ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്‌സര്‍ എന്നറിയപ്പെടുന്ന മനം മയക്കുന്ന രുചി താരവും ക്യാച്ച് ഓഫ് ദ ഡേയും മാസ്റ്റര്‍ ബ്ലാസ്റ്ററും സ്ട്രാറ്റജിക് ടൈം ഔട്ടുമൊക്കെ ഇവിടുത്തെ മെനു കാര്‍ഡിനെ രുചിയാല്‍ നിറയ്ക്കുന്നു കഴിക്കുന്നവനുള്ളില്‍ രുചിയുടെ സെഞ്ചുറികള്‍ തീര്‍ക്കും ഈ വിഭവങ്ങളെല്ലാം.
ഭക്ഷണം കഴിക്കുന്നതിനൊപ്പം സംഗീതവും ആസ്വദിക്കുന്നതിനുള്ള അവസരങ്ങളിവിടെയുണ്ട്. വയലിന്റെയും ഗിത്താറിന്റെയും മാസ്മരിക ശബ്ദങ്ങള്‍ രുചിയ്‌ക്കൊപ്പം ചേരുമ്പോള്‍ അതേറെ സുഖം പകരും ഇതിനൊക്കെ പുറമെ വലിയ സ്‌ക്രീനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കാണുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.
ക്രിക്കറ്റിനും സംഗീതത്തിനും ഭക്ഷണത്തിനുമപ്പുറത്ത് സൂര്യാസ്തമയത്തിന്റെ മനോഹരദൃശ്യങ്ങളും നഗരത്തിരക്കുകളില്‍ വാഹനങ്ങളൊഴുകി നീങ്ങുന്നതും അഞ്ചാം നിലയ്ക്ക് മുകളിലിരുന്നു കൊണ്ട് കാണാമെന്ന സൗകര്യവും ക്രിക്കറ്റ് ഷാക്കിനുണ്ട്. വൈകുന്നേരങ്ങളില്‍ കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം കുറച്ചു സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ ഇഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്