വരുന്നു കെഎസ്ആര്‍ടിസി ‘ഇ’ ബസ്
കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജൂണ്‍ 18 മുതല്‍ ഓടിത്തുടങ്ങും. വൈഫൈ കണക്ഷന് പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബസാണ് പുറത്തിറങ്ങുന്നത്. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സര്‍വീസ് നടത്തും. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
കര്‍ണാടക, ആന്ധ്ര, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളില്‍ സംസ്ഥാനങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട് ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ ബസുകള്‍. ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിര്‍മാണം. ഇന്ത്യയുടെ വേറിട്ട ഭൂപ്രകൃതിക്കും വൈവിധ്യത്തിനും അനുയോജ്യമായ രീതിയിലാണ് ഇ ബസ് കെ 9 ന്റെ രൂപകല്‍പ്പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഇ ബസിന്റെ പരമാവധി വേഗം. ദീര്‍ഘകാല സേവനം ഉറപ്പാക്കാന്‍ അത്യാധുനിക ലിഥിയം അയോണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസില്‍. ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 250 കിലോമീറ്റര്‍ ഓടാന്‍ ഈ ബാറ്ററിക്കു സാധിക്കും. മാത്രമല്ല, ത്രീ ഫേസ് എ സി ചാര്‍ജിങ് സംവിധാനത്തില്‍ ബാറ്ററി പൂര്‍ണ തോതില്‍ ചാര്‍ജ് ചെയ്യാന്‍ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ സമയം മതിയെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തിലെ നിരത്തുകളില്‍ ഇറങ്ങുന്ന ഇലക്ട്രിക് ബസ്സിന്റെ പ്രത്യേകതകള്‍ കെ എസ് ആര് ടിസി എംഡി തച്ചങ്കരി മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം വിവരിക്കുന്നു.