ഒന്നാം പിറന്നാളാഘോഷിച്ച് കൊച്ചി മെട്രോ
കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാളിന് വിവിധ പരിപാടികളോടെ ഇന്നു തുടക്കമാകും. രാവിലെ ഏഴു മുതല്‍ ഇന്നു മെട്രോ സര്‍വീസുകള്‍ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പിറന്നാള്‍ കേക്ക് മുറിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. തുടര്‍ന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ടൈം ട്രാവല്‍ ഇന്ദ്രജാല പ്രകടനം. കൊച്ചി മെട്രോയുടെ സുഗമമായ നടത്തിപ്പിന് സഹായിക്കുന്ന കുടുംബശ്രീ, മെട്രോ പൊലീസ്, സ്വകാര്യ സുരക്ഷാ ഏജന്‍സിയായ എസ്ഐഎസ് ലിമിറ്റഡ് എന്നിവയെ കെഎംആര്‍എല്‍ ആദരിക്കും.
ഉച്ചയ്ക്കു രണ്ടര മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളിലെ വേദികളില്‍ ആര്‍ക്കും കലാപരിപാടികള്‍ അവതരിപ്പിക്കാം. ആലുവയിലും മഹാരാജാസ് സ്റ്റേഷനിലും നഗരത്തിലെ വിവിധ കോളജുകളിലെ ടീമുകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. മഹാരാജാസ് കോളജിലെ കലാപ്രകടനങ്ങള്‍ വൈകിട്ട് നാലിന് ആരംഭിക്കും.
കൊച്ചി മെട്രോ സ്പെഷല്‍ പൊലീസ് ഇന്ന് സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാരെ അഭിവാദ്യം ചെയ്തു സ്വീകരിക്കും. യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്യും. നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി സേന അംഗങ്ങള്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കും. വിവിധ മെട്രോ സ്റ്റേഷനുകളുടെ പരിസരത്തും മുട്ടം യാഡിലുമായി 401 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. പൊലീസിന്റെ നേതൃത്വത്തില്‍ ഇന്നു യാത്രക്കാര്‍ക്കു മധുര വിതരണവും ഉണ്ടാകും.