Kerala

കോഴിക്കോട് വഴി വോള്‍വോ- സ്‌കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു

മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്‌കാനിയ മള്‍ട്ടി ആക്‌സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്‌കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്.

ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്‌കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്‌സില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

റൂട്ട് മാറ്റം ഷെഡ്യൂള്‍ വൈകിപ്പിക്കുന്നു റൂട്ട് മാറിയോടുന്നതിനാല്‍ വളരെ വൈകിയാണ് ബസുകള്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുന്നതെന്നു ബെംഗളൂരു കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സി.കെ.ബാബു പറഞ്ഞു. ഈയിനത്തില്‍ ഇന്ധനച്ചെലവും കൂടി. രണ്ടു മണിക്കൂറോളം വൈകിയാണ് കേരളത്തില്‍ നിന്നുള്ള ബസുകള്‍ ബെംഗളൂരുവില്‍ എത്തുന്നത്. ഇന്ന് സ്‌പെഷലുകള്‍ വേണ്ടുവോളം ചെറിയ പെരുന്നാള്‍ ആഘോഷത്തിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവര്‍ക്കായി കോഴിക്കോട് നിന്നു തിരക്കനുസരിച്ച് സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

ഇന്നും നാളെയുമാണ് വന്‍ തിരക്കു പ്രതീക്ഷിക്കുന്നത്. വളഞ്ഞു ചുറ്റിയാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെങ്കിലും തിരക്കിനു കുറവില്ല. കോഴിക്കോട് ഭാഗത്തു നിന്ന് ബെംഗളൂരുവിലേക്ക് ആവശ്യത്തിനു ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്തതാണ് കാരണം. ഇവിടെ നിന്നു ബെംഗളൂരുവിലേക്കുള്ള വിമാന നിരക്ക് കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2775 മുതല്‍ 4470 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.