News

കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി

നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി.

കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്‌സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്‌സ് ടൂര്‍ അംഗമാണ് നിക്കോള്‍ .

സ്പൈസ് റൂട്‌സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്‍ക്കും മറക്കാനാവാത്ത ആഘോഷമായി.

‘ഇത്ര കാലത്തിനിടയില്‍ പിറന്നാളിന് അമേരിക്കയില്‍ നിന്ന് മാറി നിന്നിട്ടില്ലന്ന് കണക്ടിക്കറ്റ് സ്വദേശിനിയായ നിക്കോള്‍ റെനി പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മിഷിഗണില്‍ പോകുന്ന പതിവുണ്ട്. അവിടെയാണ് താന്‍ പിറന്നത്.

ഈ പിറന്നാളില്‍ മിസ് ചെയ്യുന്നത് അമ്മയേയും തന്റെ ഒന്നര വയസുള്ള കുഞ്ഞിനേയുമാണ്. അവരുമായി സംസാരിച്ചെങ്കിലും അരികെ ഇല്ലാത്തതില്‍ നേരിയ വിഷമമുണ്ടെന്നും നിക്കോള്‍ പറഞ്ഞു. എന്നാല്‍ ആ വിഷമത്തേയും മറികടക്കുന്നതായി പിറന്നാള്‍ പാര്‍ട്ടി എന്നും നിക്കോള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിക്കോള്‍ വരുന്നത് ഇതാദ്യമാണ്. ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, സ്വിറ്റ്‌സര്‍ലന്റ്, കോസ്റ്റാറിക്ക, കാനഡ, യു എ ഇ എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട് നിക്കോള്‍.

കണക്ടിക്കറ്റില്‍ യോഗാ പരിശീലന കേന്ദ്രം നടത്തുന്ന നിക്കോളിന് കേരളം ഒരുപാടിഷ്ടമായി .യോഗാ ടൂര്‍ തീര്‍ന്നു തിരികെ പോയാലും വീണ്ടും ഇവിടേക്ക് വരുമെന്നും നിക്കോള്‍ പറയുന്നു