നാടൻ രുചികളൊരുക്കി ഉദയസമുദ്ര: വിദേശ യോഗികൾക്ക് രുചി യോഗം

കേരളത്തിന്റെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് വിദേശ രാജ്യങ്ങളിലെ യോഗാ വിദഗ്ധർ. യോഗാ അംബാസഡേഴ്സ് ടൂറിന്റെ രണ്ടാം ദിനം അത്താഴ വിരുന്ന് കോവളം ഉദയസമുദ്രയിലായിരുന്നു.


കേരള വിഭവങ്ങൾ കൊണ്ട് ഉദയസമുദ്ര യോഗ വിദഗ്ധരുടെ മനസും വയറും നിറച്ചു.

മുതിരക്കഞ്ഞി, മുരിങ്ങത്തോരൻ, വാഴക്കൂമ്പ് മെഴുക്കുപുരട്ടി എന്നു തുടങ്ങി കേരള വിഭവങ്ങൾ നിരന്ന തീൻമേശ യോഗികളെ നിരാശരാക്കിയില്ല. സ്പൂണിനു പകരം നിരന്ന ചിരട്ടത്തവികളും വിദേശികൾക്ക് കൗതുകമായി. അപ്പവും സ്റ്റൂവും ഇല്ലാതെ എന്ത് കേരള പെരുമ? അതും തീൻമേശയിൽ തത്സമയം തയ്യാറാക്കി.

 

തേൻ ചാലിച്ച ഇളനീരോടെയാണ് ഉദയസമുദ്ര യോഗികളെ വരവേറ്റത്. പാവയ്ക്ക, കാരറ്റ്, വെള്ളരി ജൂസുകൾ കുടിക്കാൻ ഗ്ലാസുകൾക്ക് പകരം മിനുമിനുത്ത ചിരട്ടകൾ നൽകിയതും മറ്റൊരു കൗതുകമായി.

വിദേശികൾക്ക് കേരള ഭക്ഷണം ഒരുക്കിയതിനെക്കുറിച്ച് ഉദയസമുദ്ര സിഇഒ രാജഗോപാൽ അയ്യർ പറയുന്നതിങ്ങനെ – ” സഞ്ചാരികൾ ഓരോ രാജ്യത്തും പോകുമ്പോൾ അവിടങ്ങളിലെ ഭക്ഷണം കഴിക്കാനാണ് താൽപ്പര്യപ്പെടുക. സ്ഥിരം കഴിക്കുന്ന ഭക്ഷണവും രുചിയും വിനോദയാത്ര പോകുമ്പോഴും കഴിക്കേണ്ടതില്ലല്ലോ .പുതിയ രുചികളും പുത്തൻ അനുഭവങ്ങളുമാണ് സഞ്ചാരികളായ അതിഥികൾക്ക് വേണ്ടത് .അത് ഞങ്ങൾ തയ്യാറാക്കി എന്നു മാത്രം ” .

കേരളീയ ഭക്ഷണം തയ്യാറാക്കിയതിനു പിന്നിൽ മുഖ്യ ഷെഫ് സെബാസ്റ്റ്യനും സഹായി സുനീഷുമാണെന്നും രാജഗോപാൽ അയ്യർ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു .

ഉദയസമുദ്രയിലെ വിഭവങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്ന് യോഗാ ടൂർ സംഘത്തിലെ ഓസ്ട്രേലിയൻ സ്വദേശി കോൺസ്റ്റാന്റിൻ കുറ്ററോവ് പറഞ്ഞു. വിഭവങ്ങളുടെ പേര് അറിയില്ലങ്കിലും എല്ലാം ഫ്രഷും ജൈവികവുമായിരുന്നു. ടൂറിന്റെ സവിശേഷതകളിലൊന്നായി ഈ വിരുന്നിനെ കാണുന്നെന്നും കുറ്ററോവ് പ്രതികരിച്ചു.

വൈവിധ്യങ്ങളാലും പോഷകങ്ങളാലും സമ്പന്നമാണ് കേരള ഭക്ഷണമെന്ന് നിക്കരാഗ്വയിൽ നിന്നുള്ള സിമന്ന ഗിട്ടറെസ് പറഞ്ഞു. ഉദയസമുദ്രയിലെ വിരുന്ന് യോഗ ടൂറിന്റെ സവിശേഷ യായി കാണുന്നെന്ന് ഗിട്ടറെസും പറഞ്ഞു.