മണ്‍സൂണ്‍ ചെന്നൈ
വര്‍ഷത്തില്‍ എട്ടുമാസവും പൊള്ളുന്ന ചൂടാണ് ചെന്നൈ നഗരത്തില്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ നഗരത്തില്‍ ഏതാനും ദിവസം വേനല്‍മഴ ലഭിക്കും. പൊരിയുന്ന വെയിലിനു ശേഷം മഴ കിട്ടുന്നത് നഗരവാസികള്‍ക്ക് ഏറെ സന്തോഷമാണ്.
എന്നാല്‍ മഴയെത്തിയാല്‍ പുറത്തിറങ്ങാനാവില്ലെന്നു മാത്രം. ഗതാഗതക്കുരുക്ക്, ഓട നിറഞ്ഞു റോഡിലേക്കൊഴുകുന്ന മലിനജലം, മുട്ടോളം മഴവെള്ളം. ഇതൊക്കെയാണു ചെന്നൈയിലെ പ്രധാന മഴക്കാഴ്ചകള്‍. എന്നാല്‍ മഴക്കാലത്ത് നഗരത്തിനു പുറത്തെത്തിയാല്‍ ഒട്ടേറെ മനോഹര മഴക്കാഴ്ചകള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ചെന്നൈയില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന മണ്‍സൂണ്‍ ടൂറിസം സങ്കേതങ്ങള്‍ നോക്കാം.
മഹാബലിപുരം
രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന തമിഴ്‌നാട്ടിലെ ടൂറിസം കേന്ദ്രം. ചെന്നൈയില്‍ നിന്നുള്ള ദൂരം 56 കിലോമീറ്റര്‍. ഇവിടത്തെ പല സ്ഥലങ്ങളും യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ബീച്ച് ടൂറിസമാണ് ഏറെയും. കുറഞ്ഞ ചെലവില്‍ മികച്ച സൗകര്യങ്ങളുള്ള ബീച്ച് റിസോര്‍ട്ടുകള്‍ മഹാബലിപുരത്ത് ലഭ്യമാകും.
പുലിക്കാട്ട്
ചെന്നൈയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ തിരുവള്ളൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമാണിത്. ഇവിടെയുള്ള പക്ഷിസങ്കേതം മഴക്കാല ടൂറിസം മാപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതു കൂടാതെ തിരക്കില്ലാത്ത കടല്‍ത്തീരവും, ഡച്ച് പള്ളികളും കോട്ടകളും പുലിക്കാട്ട് കായലും ആസ്വദിക്കാം. സമീപ ഗ്രാമങ്ങളായ വെദുരപ്പെട്ട്, നിലപ്പട്ട് എന്നിവിടങ്ങളില്‍ എത്തിയാല്‍ തമിഴ്‌നാടിന്റെ ഗ്രാമഭംഗിയും ആസ്വദിക്കാം. താമസസൗകര്യം കുറവാണെന്നത് ഒരു പോരായ്മയാണെങ്കിലും ചെന്നൈയില്‍ നിന്ന് ഒരു ദിവസത്തെ യാത്രയ്ക്കു പറ്റിയ സ്ഥലമാണിത്.
നഗലാപുരം
ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ക്ഷേത്രനഗരമാണ് നഗലാപുരം. വനമേഖലയായതിനാല്‍ മണ്‍സൂണ്‍ കാലത്തെ പ്രകൃതിമനോഹാരിത ആവോളം ആസ്വദിക്കാം. ട്രെക്കിങ് സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണിത്. കൂടാതെ വേദനാരായണസ്വാമി ക്ഷേത്രം, സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വല്ലീശ്വര ക്ഷേത്രം എന്നിങ്ങനെയുള്ള പുരാതന ക്ഷേത്രങ്ങളും സന്ദര്‍ശിക്കാം. ചെന്നൈയില്‍ നിന്ന് 71 കിലോമീറ്റര്‍ ദൂരം.
കാഞ്ചീപുരം
പട്ടിന്റെ പകിട്ടിനൊപ്പം പുരാതന ക്ഷേത്രങ്ങളുടെ വശ്യതയും പക്ഷിസങ്കേതവും കൃഷിയിടങ്ങളും പരമ്പരാഗത തമിഴ് ജീവിതവും നേരില്‍ കാണാം, ചെന്നൈയില്‍ നിന്ന് 75 കിലോമീറ്റര്‍ ദൂരെയുള്ള കാഞ്ചീപുരത്തെത്തിയാല്‍. പുതുച്ചേരി
മഴക്കാലത്ത് പുതുച്ചേരി കൂടുതല്‍ സുന്ദരിയാവും. ഫ്രഞ്ച് പൗരാണികതയും യൂറോപ്യന്‍ രുചികളും ആവോളം ആസ്വദിക്കാം. ചെന്നൈയില്‍ നിന്ന് രണ്ടര മണിക്കൂര്‍കൊണ്ട് എത്താം. ബീച്ചുകളും റിസോര്‍ട്ടുകളും ഒട്ടേറെയുണ്ട്. പോകുന്ന വഴിയില്‍ മഹാബലിപുരം, ക്രോക്കഡൈല്‍ പാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കാം. വിശാലമായ റോഡില്‍ ഇരുവശങ്ങളിലെയും ഗ്രാമഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം. മഴ ശക്തമല്ലെങ്കില്‍ ബൈക്ക് യാത്രയ്ക്കും ഈ റൂട്ട് തിരഞ്ഞെടുക്കാം. ചെന്നൈയില്‍ നിന്ന് 155 കിലോമീറ്റര്‍ ദൂരം.
വെല്ലൂര്‍
പുരാതന തമിഴ് സംസ്‌കാരത്തെക്കുറിച്ചു നേരിട്ടറിയണമെങ്കില്‍ വെല്ലൂരിലേക്കു പോകാം. ചെന്നൈയില്‍ നിന്ന് 140 കിലോമീറ്ററാണ് ദൂരം. ഒട്ടേറെ പുരാതന ക്ഷേത്രങ്ങളും കോട്ടകളുമുള്ള ചെറുപട്ടണമാണു വെല്ലൂര്‍. ഇവിടത്തെ സര്‍ക്കാര്‍ മ്യൂസിയവും സന്ദര്‍ശിക്കാം. പൂര്‍ണമായി സ്വര്‍ണത്തില്‍ പൊതിഞ്ഞ ശ്രീപുരം സ്വര്‍ണക്ഷേത്രവും വെല്ലൂരിലുണ്ട്. മൂന്നു മണിക്കൂര്‍കൊണ്ട് എത്താം.
യേലഗിരി
വെല്ലൂര്‍ ജില്ലയിലെ വനമേഖല. ചെന്നൈ നഗരത്തോട് ഏറ്റവും അടുത്തുകിടക്കുന്ന ഹൈറേഞ്ച് വിനോദസഞ്ചാര കേന്ദ്രം. മറ്റു ഹില്‍ സ്റ്റേഷനുകളെപ്പോലെ തിരക്കില്ല.
മണ്‍സൂണ്‍കാലം ആസ്വദിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണിത്. പഴയകാലത്തേക്കു നമ്മളെ തിരികെ കൊണ്ടുപോകുന്ന പൂക്കൃഷിയിടങ്ങളും, പച്ചക്കറി, വാഴ തോട്ടങ്ങളും യേലഗിരിയില്‍ സമൃദ്ധമായി കാണാം. പാരാഗ്ലൈഡിങ്, റോക്ക് ക്ലൈംബിങ് സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണിത്.
അതിരാവിലെയും വൈകുന്നേരങ്ങളിലും ഇവിടത്തെ ഏറ്റവും ഉയരം കൂടിയ ഇടമായ സ്വാമിമലയില്‍ എത്തിയാല്‍ മഴയും മഞ്ഞും ഒരുമിച്ചാസ്വദിക്കാം. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഹോംസ്റ്റേകള്‍ ധാരാളമുണ്ട്. ചെന്നൈയില്‍ നിന്ന് 231 കിലോമീറ്റര്‍ ആണു ദൂരം.
യേര്‍ക്കാട്
തെക്കിന്റെ രത്‌നം എന്നറിയപ്പെടുന്ന മലയോര മേഖല. ചെന്നൈ നഗരത്തില്‍ നിന്ന് 366 കിലോമീറ്റര്‍ ദൂരം. തേയില, കാപ്പി തോട്ടങ്ങളാണ് എവിടെത്തിരിഞ്ഞാലും. വടക്കേ ഇന്ത്യ കഴിഞ്ഞാല്‍ ചെന്നൈയില്‍ നിന്നാണ് ഇവിടേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഓറഞ്ച് തോട്ടങ്ങളും വാഴത്തോപ്പുകളും ഇവിടെ ധാരാളമുണ്ട്. വനഭംഗിയും ആസ്വദിക്കാം. മണ്‍സൂണ്‍കാലത്ത് ഇവിടെ തിരക്കേറും. ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.